വർക്കല: സുഭിഷ കേരളത്തിനായി വർക്കല താലൂക്കിലെ പ്രാദേശിക ഭരണകൂടങ്ങളും സംഘടനകളും തരിശ് ഭൂമികളിൽ കൃഷിയിറക്കുന്നതിന്റെ തിരക്കിലാണ്. താലൂക്കിലെ കൃഷി വകുപ്പ് ഉദ്യോഗസ്ഥൻമാരുടെ മേൽനോട്ടത്തിലാണ് കൃഷിയിറക്കുന്നത്. വർക്കല കൃഷി ഭവന് സമീപം നഗരസഭയുടെ 60 സെന്റ് തരിശ് ഭൂമിയിലാണ് മരച്ചീനി കൃഷി ചെയ്യുന്നത്. അഡ്വ. വി. ജോയി എം.എൽ.എ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ബിന്ദുഹരിദാസ് പങ്കെടുത്തു.
ചെമ്മരുതി ഗ്രാമ പഞ്ചായത്തിലെ ഏണാറുവിളയിൽ രണ്ടര ഏക്കർ തരിശുഭൂമിയിൽ തൊഴിലുറപ്പ് തൊഴിലാളികൾ ചെയ്യുന്ന കൃഷിയുടെ നടീൽ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്. സലിമിന്റെ അദ്ധ്യക്ഷതയിൽ വി. ജോയി എം.എൽ.എ നിർവഹിച്ചു. പഞ്ചായത്തിലെ തരിശായി കിടക്കുന്ന14 ഹെക്ടർ പാടശേഖരത്തിൽ നെൽക്കൃഷിയും 20 ഹെക്ടറിൽ സമ്മിശ്ര കൃഷിയും പത്ത് ഹെക്ടറിൽ മരച്ചീനി കൃഷിയും നടത്തുമെന്ന് ചെമ്മരുതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്. സലിം അറിയിച്ചു. കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ വർക്കല ഉപജില്ലാ കമ്മിറ്രിയുടെ നേതൃത്വത്തിൽ 300 ഓളം അദ്ധ്യാപകർ ചേർന്ന് തരിശായി കിടക്കുന്ന 100 ഏക്കറിൽ കൃഷി ചെയ്യും.
ചെറുന്നിയൂർ ഗ്രാമ പഞ്ചായത്തിലെ തരിശായി കിടക്കുന്ന 50 ഏക്കറിലും കൃഷിയിറക്കും. ഇതിനോടകം 15 ഏക്കറിൽ കിഴങ്ങ് വർഗങ്ങളും കരനെൽകൃഷിയും പച്ചക്കറികളും കൃഷി ചെയ്ത് തുടങ്ങിയതായി പ്രസിഡന്റ് എൻ. നവപ്രകാശ് അറിയിച്ചു.15 ഹെക്ടറിൽ നെൽകൃഷിയും ആരംഭിക്കും കാർഷിക കർമ്മസേന, കുടുംബശ്രീ യൂണിറ്റുകൾ, പാടശേഖര സമിതികൾ, ശിവഗിരി ശ്രീനാരായണ കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് എന്നിവരുടെ സഹകരണത്തോടെ നെൽകൃഷി, ഇടവിള കൃഷി, പച്ചക്കറി കൃഷി എന്നിവ ചെയ്യുന്നത്. ഇലകമൺ, ഇടവ, വെട്ടൂർ, മണമ്പൂർ, ഒറ്റൂർ എന്നീ ഗ്രാമ പഞ്ചായത്തുകളിലും തരിശായി കിടക്കുന്ന കര ഭൂമികളിലും പാടശേഖരങ്ങളിലും ഇതിനോടകം കൃഷിയിറക്കി. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലും സുഭിഷകേരളം പദ്ധതിയുടെ ഭാഗമായി തരിശ് രഹിത ഭൂമികൾ കണ്ടെത്തി കൃഷിയിറക്കുന്നതിനുള്ള പ്രോത്സാഹനവും നൽകി വരുന്നതായി ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. രഞ്ജിത്ത് പറഞ്ഞു.