പൂവാർ: പൂവാർ പഞ്ചായത്തിലെ ഹരിത കർമ്മസേനയുടെ നേതൃത്വത്തിൽ നീർച്ചാലുകൾ വൃത്തിയാക്കി.
നാട്ടുകാരുടെ ആവശ്യപ്രകാരം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.അജിതകുമാരി കൃഷി നാശമുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചശേഷം ഹരിത കർമ്മസേനയോട് നീർച്ചാലുകൾ വൃത്തിയാക്കാൻ നിർദ്ദേശിക്കുകയായിരുന്നു.
വേനൽമഴയെ തുടർന്ന് പൂവാർ പഞ്ചായത്തിലെ അരുമാനൂർ ഭാഗത്തെ കൃഷിയിടങ്ങളും കുളങ്ങളും നീർച്ചാലുകളും വെള്ളത്തിൽ മുങ്ങി കൃഷി നാശമുണ്ടായത് കർഷകരെ ദുരിതത്തിലാക്കി. മഴവെള്ളം ഒഴുകി പോകാനുള്ള നീർച്ചാലുകൾ പലതും കൈയേറിയതും നെയ്യാറിന്റെ കൈവഴികൾ മണ്ണിട്ട് നികത്തിയതും ഒഴുക്ക് തടസപ്പെടുത്തി. താമരക്കുളം ഉൾപ്പെടെയുള്ള കുളങ്ങൾ നിറഞ്ഞൊഴുകിയതിനാൽ മത്സ്യക്കൃഷി നടത്തിയിരുന്നവരും ദുരിതത്തിലായി. കഴിഞ്ഞ വർഷം ഉണ്ടായ കൃഷി നാശത്തിന് നഷ്ടപരിഹാരം ഇതുവരെയും കിട്ടിയിട്ടില്ലെന്ന് കർഷകർ പറയുന്നു.