adam-henein

കെയ്റോ : ലോകപ്രശസ്ത ഈജിപ്ഷ്യൻ ശില്പിയായ ആഡം ഹെനെയ്ൻ അന്തരിച്ചു. ഗിസയിലെ ഗ്രേറ്റ് സ്ഫിംഗ്സിന്റെ പുനരുദ്ധാരണത്തിന് നേതൃത്വം നൽകിയത് ഇദ്ദേഹമാണ്. 91 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളാണ് മരണ കാരണം.

1929ൽ കെയ്റെയിലെ ബാബൽ ഷാരിയ ജില്ലയിലാണ് ഹെനെയ്ൻ ജനിച്ചത്. വെള്ളിപ്പണിക്കാരും ആഭരണനിർമാതാക്കളുമായിരുന്നു ഹെനെയ്ന്റെ കുടുംബം. ചെറുപ്പത്തിൽ തന്നെ ശില്പ നിർമാണത്തിൽ തത്പരനായിരുന്ന ഹെനെയ്ൻ തന്റെ എട്ടാം വയസിൽ പുരാതന ഈജിപ്യൻ ഭരണാധികാരിയായിരുന്ന റാംസെസ് രണ്ടാമൻ ചക്രവർത്തിയുടെ കളിമൺ പ്രതിമ നിർമിച്ച് കൊണ്ടാണ് കലാലോകത്തേക്ക് ചുവട് വച്ചത്. വെള്ളിപ്പണിക്കാരനായിരുന്ന ഹെനെയ്ന്റെ പിതാവ് തന്റെ മകൻ നിർമിച്ച ശില്പങ്ങൾ തന്റെ കടയുടെ ജനാലകളിൽ വയ്ക്കാൻ തുടങ്ങിയതോടെ ഹെനെയ്ന്റെ കഴിവുകൾ ശ്രദ്ധയാകർഷിക്കാൻ തുടങ്ങി.

1953ൽ ഹെനെയ്ൻ കെയ്റോ സ്കൂൾ ഒഫ് ഫൈൻ ആർട്സിൽ നിന്നും ബിരുദം കരസ്ഥമാക്കി. പിന്നീട് മ്യൂണിക്കിൽ ഉപരിപഠനത്തിനായി പോയ ഹെനെയ്ൻ രണ്ട് ദശാബ്ദക്കാലം പാരീസിലാണ് ജീവിച്ചത്. പിന്നീട് ഈജിപ്റ്റിലേക്ക് മടങ്ങിയെത്തിയ ഹെനെയ്ൻ 1990കളിൽ വിശ്വപ്രസിദ്ധമായ ഗിസയിലെ ഗ്രേറ്റ് സ്ഫിംഗ്സിന്റെ പുനരുദ്ധാരണ സംഘത്തിന്റെ നേതൃത്വം വഹിച്ചു. ഗിസയിലെ ഹെനെയ്ന്റെ ഒരു മ്യൂസിയമാക്കി മാറ്റിയിരുന്നു. നിരവധി പെയിന്റിംഗുകളും ശില്പങ്ങളും ഇവിടെ കാണാം. ഈജിപ്റ്റ്, യൂറോപ് തുടങ്ങിയ എല്ലാ പ്രദേശങ്ങളിലും ഹെനെയ്ന്റെ ശില്പങ്ങൾക്ക് ഏറെ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ഈജിപ്ഷ്യൻ സർക്കാരിന്റെ സ്റ്റേറ്റ് മെറിറ്റ് അവാർഡ് ഫോർ ആർട്സ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.