letters

തൊഴിലാളി പ്രസ്ഥാനത്തിലെ അനിഷേധ്യ നേതാവായിരുന്ന കെ. അനിരുദ്ധനെപ്പറ്റിയുള്ള പൂജപ്പുര ആർ. സാംബശിവന്റെ അനുസ്മരണം കേരളകൗമുദിയിൽ വായിച്ചു. ആർക്കും വിയോജിപ്പ് ഉണ്ടാകേണ്ടതല്ല അതിലെ പരാമർശങ്ങൾ. പക്ഷേ ഒരു പിശകുമാത്രം ചൂണ്ടിക്കാട്ടട്ടെ.

ഭൂപരിഷ്കരണ നിയമപ്രകാരം വൻകിട ഭൂവുടമകളിൽനിന്നും മിച്ച ഭൂമിയെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യണമായിരുന്നു. അതിന് വേണ്ടി പാവങ്ങളുടെ പടത്തലവനായ എ.കെ.ജി നടത്തിയ ഉജ്ജ്വല ഭൂസമരം സുവിദിതമാണ്. ആ സമരത്തിന്റെ ഒരു ഏടാണ് മുടവൻ മുകൾ സമരം എന്ന് അനുസ്മരണ കുറിപ്പിൽ പറയുന്നുണ്ട്. അത് ശരിയല്ല. ആ സമരം നടന്നത് യഥാർത്ഥത്തിൽ പൂജപ്പുരയായിരുന്നു.

യശശ്ശരീരയായ റീജന്റ് മഹാറാണി സേതുലക്ഷ്മിഭായിയുടെ വക പൂജപ്പുരയിലുണ്ടായിരുന്ന കൊട്ടാരത്തിന്റെ വളപ്പിലായിരുന്നു. (ഇന്ന് ആ കൊട്ടാരവും സ്ഥലവും ശ്രീചിത്ര മെഡിക്കൽ സെന്ററിന്റെതാണ്.) എ.കെ.ജിയും അനുയായികളും ജാഥയായി വരുന്നതറിഞ്ഞ് കൊട്ടാരവളപ്പിലെ ഗേറ്റുകൾ അടച്ചിട്ടിരുന്നു. മതിൽചാടിക്കയറിയാണ് എ.കെ.ജിയും സമര സഖാക്കളും വളപ്പിനുള്ളിൽ കയറി സമരം ചെയ്തത്.

സമരം നടന്ന സ്ഥലത്തുനിന്ന് തെല്ല് അകലെയുണ്ടായിരുന്ന കിളിവാതിലിലൂടെയാണ് പത്രലേഖകന്മാരും പ്രസ് ഫോട്ടോഗ്രാഫർമാരും സമരസ്ഥലത്ത് എത്തിയത്. ഒരുമണിക്കൂറിലേറെ സമരം നടന്നു. പൊലീസ് ഒാഫീസർമാരുടെ അനുനയങ്ങൾക്ക് വഴങ്ങാതിരുന്ന എ.കെ.ജിയെ പൊലീസ് ബലാൽക്കാരമായി എടുത്ത് പൊലീസ് വാനിൽ കയറ്റിയാണ് കോടതിയിൽ കൊണ്ടുപോയത്.

എ.കെ.ജിയുടെ ആ സമരം കേരളകൗമുദിക്കുവേണ്ടി റിപ്പോർട്ട് ചെയ്തത് അന്ന് കേരളകൗമുദി ലേഖകനായിരുന്ന ഞാനായിരുന്നു.

കെ.ജി. പരമേശ്വരൻ നായർ

തിരുമല.