പാലോട്: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയെ തുടർന്ന് കാർഷിക മേഖലയിലുണ്ടായ ലക്ഷക്കണക്കിന് രൂപയുടേതെന്ന് വിലയിരുത്തൽ. ഇളവട്ടം നീരാഴിയിൽ നന്ദനത്തിൽ ശിവകുമാറിന്റെ മൂന്നു മാസം പ്രായമുള്ള അഞ്ഞൂറോളം നാടൻ കോഴി കുഞ്ഞുങ്ങളാണ് ചത്തത്. പാലോട് ജംഗ്ഷനിൽ ഇറച്ചി കോഴികച്ചവടം നടത്തുന്ന ഷിഹാബുദ്ദീന്റെ നൂറിലധികം കോഴികൾ വെള്ളം കയറി ചത്തു. ലക്ഷങ്ങൾ ബാങ്ക് വായ്പ എടുത്ത് കൃഷി നടത്തുന്ന കർഷകരുടെ നഷ്ടം വളരെ വലുതാണ്. ചെല്ലഞ്ചിയിൽ ഒന്നര ഹെക്ടർ സ്ഥലം പാട്ടത്തിനെടുത്ത് വാഴയും പച്ചക്കറികളും കൃഷി ചെയ്യുന്ന പ്രഭാകരൻ നായർ,ശശാങ്കൻ, രവീന്ദ്രൻ, ബാബു എന്നിവരുടെ സമ്മിശ്ര കൃഷിയും കള്ളിപ്പാറയിൽ രണ്ട് ഹെക്ടർ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന മാതൃകാ കർഷകരായ സുരേന്ദ്രൻ, ഏലിശൻ എന്നിവരുടെ വാഴകൃഷിയും പവ്വത്തൂരിൽ അൻപത് സെന്റ് സ്ഥലത്ത് പച്ചക്കറി കൃഷി നടത്തുന്ന ശ്രീജിത്ത്, ശാന്തി പ്രിയൻ എന്നിവർക്കാണ് ഈ മഴക്കാലത്ത് ഉണ്ടായ വെള്ളപൊക്കത്തിൽ വൻ നഷ്ടം ഉണ്ടായത്. മണ്ണിടിച്ചിൽ വ്യാപകമാണ് ഈ മേഖലകളിൽ പച്ച മല, പ്ലാവറ, മണ്ണാറുകുന്ന് എന്നീ പ്രദേശങ്ങളിൽ ആണ് ഏറ്റവും കൂടുതൽ മണ്ണിടിഞ്ഞ് വീണിട്ടുള്ളത്. പച്ച മലയിൽ മണ്ണിടിഞ്ഞ് വീട് അംഗൻവാടിയുടെ ടോയ്ലറ്റ്, മതിൽ എന്നിവ തകർന്നു. കെട്ടിടത്തിന്റെ ഒരു ഭാഗത്തിനും സാരമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പുലിയൂർ, കിഴക്കേ വിള, കൊട്ടിയാം കോണം, മീൻമുട്ടി, പച്ച ,ഓട്ടു പാലം, വട്ടപ്പൻകാട് ,പ്രാമല പ്രദേശങ്ങളിലും കൃഷി നാശം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.