കളക്ടർ അറിയിപ്പ് നൽകിയില്ലെന്ന് മേയർ
തിരുവനന്തപുരം: കഴിഞ്ഞ ദിവസം അരുവിക്കര ഡാമിന്റെ ഷട്ടറുകൾ തുറന്നതിന് പിന്നാലെ നഗരം വെള്ളത്തിൽ മുങ്ങിയ സംഭവത്തിൽ ജില്ലാ ഭരണകൂടത്തിനെതിരെ വിമർശനവുമായി മേയർ കെ. ശ്രീകുമാർ. അരുവിക്കര ഡാം തുറന്നു വിടുന്നതായുള്ള അറിയിപ്പ് നേരത്തെ കളക്ടറേറ്റിൽ നിന്ന് നഗരസഭയ്ക്ക് നൽകിയിട്ടില്ല. നേരത്തേ അറിയിച്ചിരുന്നെങ്കിൽ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾ കൂടുതൽ ഫലപ്രദമായി ചെയ്യാമായിരുന്നു. പൊതുജനങ്ങൾക്കുള്ള മുന്നറിയിപ്പ് നൽകാൻ വൈകിയെന്നും അദ്ദേഹം പറഞ്ഞു. അരുവിക്കര ഡാമിന്റെ ആറ് ഷട്ടറുകളിൽ അഞ്ചെണ്ണം തുറന്നതുകാരണം കിള്ളിയാറിന്റെയും കരമനയാറിന്റെയും തീരങ്ങളിൽ വെള്ളം കയറുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ 1ഓടെയാണ് ഡാമിന്റെ 5 ഷട്ടറുകൾ തുറന്നത്. ഷട്ടർ ഉയർത്തിയതോടെ ശക്തമായി വെള്ളം കുത്തിയൊലിച്ച് നദി കരകവിയുകയായിരുന്നു. കിള്ളിയാറിന്റെയും കരമനയാറിന്റെയും തീരത്തുള്ള വീടുകൾ എല്ലാം വെള്ളത്തിനടിയിലായി. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കഴിയുന്നവരെ ഫയർഫോഴ്‌സ് എത്തിയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. നഗരം മുഴുവൻ വെള്ളത്തിലായതോടെ ഡാമിന്റെ രണ്ടു ഷട്ടറുകൾ അടച്ചു. ജില്ലാ ഭരണകൂടത്തിന്റെ മതിയായ മുന്നറിയിപ്പ് ലഭിക്കാത്തതാണ് നാശനഷ്ടങ്ങൾ കൂടാൻ കാരണമെന്നാണ് നഗരസഭയുടെ വാദം. സാധാരണ മഴയിൽ വെള്ളക്കെട്ട് ഉണ്ടാകാറുള്ള പ്രദേശങ്ങളിൽ ഇത്തവണ വെള്ളക്കെട്ട് ഉണ്ടായിട്ടില്ലെന്നും മേയർ പറഞ്ഞു. എന്നാൽ മുന്നറിയിപ്പ് കൃത്യസമയത്ത് നൽകിയിട്ടുണ്ടെന്നാണ് ജില്ലാ കളക്ടർ പറയുന്നത്.
പ്രതികരണം
ഡാം തുറന്നതാണ് നഗരത്തിലെ വെള്ളക്കെട്ടിന് കാരണം. ജില്ലാ ഭരണകൂടത്തിൽ നിന്ന് നേരത്തെ മുന്നറിയിപ്പ് ലഭിച്ചില്ല. ഉച്ചയ്ക്ക് 12ന് അറിയിപ്പ് ലഭിച്ചപ്പോഴേക്കും വെള്ളം പൂർണമായും നിറഞ്ഞിരുന്നു. മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി ഓടകളെല്ലാം വൃത്തിയാക്കിയിരുന്നതിനാൽ സാധാരണയുള്ള വെള്ളക്കെട്ട് നഗരത്തിൽ ഉണ്ടായിട്ടില്ല.
മേയർ കെ. ശ്രീകുമാർ
നഗരത്തിൽ വെള്ളക്കെട്ടുണ്ടാകാൻ കാരണം ഡാം തുറന്നതല്ല. ഡാം തുറന്നത് മുന്നറിയിപ്പ് നൽകിയാണ്. എല്ലാ പ്രോട്ടോക്കോളും പാലിച്ചിരുന്നു. ഇക്കാര്യം നഗരസഭയെയും അറിയിച്ചിരുന്നു. എന്തുകൊണ്ടാണ് മേയറുടെ പ്രതികരണമെന്ന് അറിയില്ല.
കെ. ഗോപാലകൃഷ്ണൻ, കളക്ടർ
വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കും. ബന്ധപ്പെട്ട വകുപ്പുകളുമായി ചർച്ച നടത്തും. ഡാം തുറക്കുന്നതിന് മുമ്പ് കൃത്യമായ നിർദ്ദേശങ്ങൾ നൽകണമെന്നത് പ്രോട്ടാക്കോളാണ്.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ
അരുവിക്കര ഡാമിൽ സ്റ്റോറേജ് കപ്പാസിറ്റി കുറവായതിനാൽ ചെറിയ മഴ വരുമ്പോൾ തന്നെ ഡാം ചെറിയ രീതിയിൽ തുറക്കാറുണ്ട്. ഡാം തുറക്കുന്ന നിർദ്ദേശം കഴിഞ്ഞ ദിവസം വൈകിട്ട് തന്നെ കളക്ടറേറ്റിൽ നൽകിയിരുന്നു.
നൗഷാദ്, എക്‌സിക്യൂട്ടീവ് എൻജിനിയർ
അരുവിക്കര ഡാം
4 ഷട്ടറുകൾ 1.25 മീറ്ററും ഒരു ഷട്ടർ
1.5 മീറ്ററുമാണ് ഉയർത്തിയത്.