pinarayi
covid 19

തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് രോഗബാധിതർ കുത്തനെ ഉയരുന്നത് സർക്കാരിന് കനത്ത വെല്ലുവിളിയാകുന്നു. മൂന്നാംഘട്ടത്തിൽ രോഗികൾ 24 മണിക്കൂറിൽ ഇരട്ടിയോളമാകുന്ന സ്ഥിതിയാണ്.

വ്യാഴാഴ്ച രാത്രി ഒരാൾ കൂടി മരിച്ചതോടെ കൊവിഡ് മരണം നാലായി. മുംബയിൽ നിന്നെത്തിയ ചാവക്കാട് സ്വദേശിക്ക് ചികിത്സ നൽകാനുള്ള സമയം പോലും ലഭിച്ചില്ല. ഇന്നലെ 62പേർക്ക് രോഗം ബാധിച്ചത് റെക്കാഡ് വർദ്ധനയാണ്. 13പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതും കടുത്ത ആശങ്കയുണ്ടാക്കുന്നു. വരും ദിവസങ്ങളിൽ കൂടുതൽ പേർ നാട്ടിലേക്ക് എത്തുന്നതിനാൽ രോഗികളുടെ എണ്ണം ഇനിയും ഉയരും. ഇത് ഭയന്ന് നാട്ടിലേക്ക് വരുന്നവരെ വിലക്കാനും കഴിയില്ല. ഒരാഴ്ചക്കിടെ 156പേർക്ക് രോഗം ബാധിച്ചത് ഗൗരവം വർദ്ധിപ്പിക്കുന്നു.

അഞ്ച് വെല്ലുവിളികൾ

1. മടങ്ങി എത്തുന്നവരുടെ രോഗബാധ ആരോഗ്യ സംവിധാനത്തിന് താങ്ങാവുന്നതിൽ അധികമായാൽ ചികിത്സയെ ബാധിക്കും. എല്ലാവർക്കും ശ്രദ്ധ കിട്ടില്ല.

2. പുറത്തുന്നിന്നെത്തുന്നവരിൽ രോഗം പെരുകിയാൽ വളരെ വേഗത്തിൽ ആരോഗ്യപ്രവർത്തകരിലേക്കും അതുവഴി മറ്റുള്ളവരിലേക്കും പടരും. സമൂഹവ്യാപനത്തിന് വഴിയൊരുക്കും.

3. വീടുകളിലെ നിരീക്ഷണം ലംഘിച്ചാൽ പ്രായമായവർ, കുട്ടികൾ, മറ്റു രോഗങ്ങൾ ഉള്ളവർ എന്നിവരിലേക്കും രോഗം പകരും.

4. ഹൈറിസ്‌ക് വിഭാഗത്തിന് വൈറസ് ബാധിച്ചാൽ ആരോഗ്യം വേഗത്തിൽ മോശമാകും. ചികിത്സ നൽകും മുൻപേ മരിക്കും. (ചാവക്കാട്ടെ മരണം)

5.ചികിത്സാ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയാത്തതോ, മതിയാവാത്തതോ ആയ നിസഹായവസ്ഥ വരും.മരണസംഖ്യ ഉയരും.

പ്രതിരോധ സന്നാഹം

രോഗവ്യപനത്തിന്റെ തീവ്രതയനുസരിച്ച് ആരോഗ്യവകുപ്പിന് എ,ബി,സി എന്നിങ്ങനെ മൂന്നു പ്രതിരോധ പ്ലാനുകൾ ഉണ്ട്. പ്ലാൻ എയിൽ 50 സർക്കാർ ആശുപത്രികളും 2 സ്വകാര്യ ആശുപത്രികളും 1216 ഐസൊലേഷൻ കിടക്കകളുമാണ്. ഈ പ്ലാനാണ് നിലവിലുള്ളത്. രോഗികൾ വർദ്ധിച്ചാൽ പ്ലാൻ ബി - 126 ആശുപത്രികൾ, 1425 ഐസൊലേഷൻ കിടക്കകൾ. അതീവഗുരുതരമായാൽ പ്ലാൻ സി - 122 ആശുപത്രികൾ, 3028 ഐസൊലേഷൻ കിടക്കകൾ.

ഇതുവരെ മടങ്ങിയെത്തിയവർ- 88,640

വിമാനത്തിൽ -7303

കപ്പലിൽ -1621

ട്രെയിനിൽ -3108

സ്വകാര്യവാഹനങ്ങളിൽ -76,608