01

കുളത്തൂർ: അന്യസംസ്ഥാന യുവതിയെ ആശുപത്രിയിലെത്തിക്കാൻ കൊവിഡ് മൂലം വാഹന സൗകര്യവും പരസഹായവും ലഭിക്കാത്തതിനെത്തുടർന്ന് വാടക വീട്ടിൽ ലേബർ റൂമൊരുക്കി ഭാര്യയുടെ പ്രസവമെടുത്ത് ഭർത്താവ്. പള്ളിത്തുറ വാർഡിൽ കഴിഞ്ഞ ദിവസം പുലർച്ചെ 2 മണിക്കാണ് സംഭവം. പള്ളിത്തുറ കടപ്പുറത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ബംഗാൾ സ്വദേശികളായ രാജു -മുംതാസ് ബീഗം ദമ്പതികൾക്കാണ് പെൺമണി പിറന്നത്.

മുംതാസിന്റെ മൂന്നാമത്തെ പ്രസവമായിരുന്നു ഇത്. മുംബയിൽ ആയിരുന്നപ്പോൾ ആദ്യ പ്രസവവും വീട്ടിൽ തന്നെയായിരുന്നു.അന്നും വയറ്റാട്ടിയായത് രാജു. രണ്ടാമത്തെ പ്രസവം പക്ഷേ ആശുപത്രിയിലായി. തുമ്പയിൽ മത്സ്യബന്ധന തൊഴിലാളിയാണ് രാജു. ദമ്പതികളുടെ ആദ്യത്തേത് ആൺകുട്ടിയാണ്.

സമയത്തിന് ആശുപത്രിയിലെത്തിക്കാൻ കഴിയില്ലെന്ന് ബോദ്ധ്യപ്പെട്ട രാജു, വേദനയാൽ പുളഞ്ഞ മുംതാസിനെ കോരിയെടുത്ത് മുറിക്കുള്ളിലെത്തിച്ച് പരിചരണവും പ്രസവത്തിനുള്ള സാഹചര്യവും ഒരുക്കിക്കൊടുത്ത ശേഷം വയറ്റാട്ടിയായി മാറുകയായിരുന്നു. സുഖപ്രസവം നടക്കുകയും അമ്മയും കുഞ്ഞും പൂർണ ആരോഗ്യത്തോടെ ഇരിക്കുന്ന വിവരവും നേരം പുലർന്നതോടെയാണ് അയൽവാസികൾ പോലും അറിയുന്നത്. വാർഡ് കൗൺസിലർ പ്രതിഭ ജയകുമാറിന്റെ നേതൃത്വത്തിൽ അമ്മയെയും കുഞ്ഞിനെയും പ്രോട്ടോക്കോൾ പ്രകാരം എസ്.എ.ടി ആശുപത്രിയിൽ എത്തിച്ചു.

ക്യാപ്‌ഷൻ :മുംതാസ് ബീവിയും കുഞ്ഞും