വക്കം: ഇറച്ചി വൻ വിലയ്ക്ക് വിറ്റ സ്ഥാപനങ്ങളിൽ റെയ്ഡുമായി റവന്യൂ വകുപ്പും ലീഗൽ മെട്രോളജി വിഭാഗവും. ചിറയിൻകീഴ് താലൂക്കിൽ 55 കടകളിൽ നടത്തിയ പരിശോധനയിൽ 30 ഇടങ്ങളിൽ ക്രമക്കേട് കണ്ടെത്തി. നാല് സ്ഥാപനങ്ങളിൽ നിന്നായി 8000 രൂപ പിഴ ഈടാക്കി. യഥാസമയം പരിശോധിച്ച് മുദ്രവയ്ക്കാത്ത മൂന്ന് ത്രാസുകൾ പിടിച്ചെടുത്തു. വില കൂട്ടി വില്പന നടത്തിയ 30 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. കോഴി ഇറച്ചി കിലോയ്ക്ക് 200 രൂപയും, മാട്ടിറച്ചി 350 രൂപയും, അട്ടിറച്ചി 700 രൂപ വരെയും വിലയിൽ വിൽക്കണമെന്നാണ് ബന്ധപ്പെട്ടവർ നൽകിയ നിർദ്ദേശം. എന്നാൽ തോന്നിയവിലയിൽ ഇറച്ചി വിൽക്കുന്നതിനെതിരെ വ്യാപക പരാതി ഉയർന്നതിനെ തുടർന്നാണ് പരിശോധന നടത്തിയത്. ചിറയിൻകീഴ് തഹസിൽദാർ മനോജ്, സപ്ളെ ഓഫീസർ അരുൺ, ലീഗൽ മെട്രോളജി എസ്.ഐ.അനിൽകുമാർ, ഡെപ്യൂട്ടി തഹസിൽദാർ സജി, ആർ.ഐ.മാരായ സുലൈമാൻ, ബിന്ദു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.