peru

ലിമ : പെറുവിൽ കൊവിഡ് ലോക്ക്ഡൗൺ ജൂൺ അവസാനം വരെ നീട്ടി. ഇതോടെ കൊറോണ വൈറസിനെതിരെ ഏറ്റവും ദൈർഘ്യം കൂടിയ നിയന്ത്രണ കാലയളവ് നടപ്പാക്കാനൊരുങ്ങുന്ന രാജ്യങ്ങളിലൊന്നായി മാറിയിരിക്കുകയാണ് പെറു. മാർച്ച് പകുതിയോടെയാണ് ലാറ്റിനമേരിക്കൻ രാജ്യമായ പെറു ലോക്ക്ഡൗണിലായത്. 32 മില്യൺ ജനങ്ങൾ ജീവിക്കുന്ന പെറുവിൽ ഇത് അഞ്ചാം തവണയാണ് ലോക്ക്ഡൗൺ നീട്ടുന്നത്. രോഗികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവിനെ തുടർന്ന് പ്രസിഡന്റ് മാർട്ടിൻ വിസ്കാരയാണ് നിയന്ത്രണങ്ങൾ നീട്ടാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

ജൂൺ 30 വരെ ലോക്ക്ഡൗണിൽ കഴിയുന്നതോടെ പെറുവിലെ ലോക്ക്ഡൗൺ കാലയളവ് മൂന്നരമാസമാകും. ചൈന, ഇറ്റലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളാണ് ഇതേവരെ ഏറ്റവും നീണ്ട നിയന്ത്രണ കാലയളവ് പ്രാബല്യത്തിൽ വരുത്തിയ രാജ്യങ്ങൾ. മേയ് 25 മുതൽ ജൂൺ 30 വരെ രാജ്യത്ത് അടിയന്തരാവസ്ഥയും നിലനിൽക്കും. രോഗവ്യാപനം തടയാൻ കർശന നിയന്ത്രണങ്ങളാണ് നടപ്പാക്കാൻ ഒരുങ്ങുന്നത്. അതേ സമയം, ഘട്ടം ഘട്ടമായി ഇളവുകൾ നൽകും. ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള രണ്ടാമത്തെ രാജ്യമാണ് പെറു. 111,698 പേർക്കാണ് പെറുവിൽ രോഗം സ്ഥിരീകരിച്ചത്. 3,244 പേർ ഇതേ വരെ മരിച്ചു. പലരും സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാതിരിക്കുന്നതാണ് രോഗം വ്യാപനം ഉയരാൻ കാരണമായിരിക്കുന്നതെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.