general

ബാലരാമപുരം: ബാലരാമപുരം എരുത്താവൂർ റോഡിൽ വാഹനയാത്രികരെ കാത്തിരിക്കുന്നത് മരണക്കുഴികൾ. വിഴിഞ്ഞം തുറമുഖ പദ്ധതിയോടനുബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് ദേശീയപാത നിർമ്മാണത്തിന് നാഷണൽ ഹൈവേ അതോറിറ്റിക്ക് കൈമാറിയ ബാലരാമപുരം-എരുത്താവൂർ റോഡിലെ വൻകുഴികളാണ് വാഹനയാത്രികർക്കും നാട്ടുകാർക്കും ഭീഷണിയാകുന്നത്. ബി.എം ആൻഡ് ബി.സി പദ്ധതിയിലുൾപ്പെടുത്തി പത്ത് കോടി രൂപയാണ് കാട്ടാക്കട-കോവളം നിയോജകമണ്ഡലത്തിലെ കാട്ടാക്കട-ബാലരാമപുരം റോഡിന്റെ വികസനത്തിന് അനുവദിച്ചത്. ആദ്യഘട്ടം ഓട നിർമ്മാണവും തുടർന്ന് ടാറിംഗുമാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ പദ്ധതി ആരംഭിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ഓടയുടെ പണി ഇതുവരെ പൂർത്തിയായിട്ടില്ല. റോഡിന്റെ പുനർനിർമ്മാണം തുടങ്ങിയെങ്കിലും ഒച്ചിഴയും വേഗത്തിലാണ് പണികൾ മുന്നോട്ട് പോകുന്നതെന്ന് ആക്ഷേപമുണ്ട്. ലോക്ക് ഡൗണോടെ നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവച്ചതും റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് ആക്കം കൂട്ടി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ മണ്ണും മെറ്റലും ഇളകി പോയതോടെ റോഡിൽ പുതിയ കുഴികൾ രൂപപ്പെട്ടതും യാത്രക്കാരെ ദുരിതത്തിലാക്കി. മെറ്റലും ചെറിയ കല്ലുകളും മഴയിൽ ഒലിച്ച് റോഡിൽ അടിഞ്ഞ് കിടക്കുന്നതും യാത്രക്കാർക്ക് ഭീഷണിയാണ്.

ഓട നവീകരണത്തിന് വേണ്ടത്ര ഫണ്ട് അനുവദിച്ചിട്ടും സ്ളാബുകൾ സ്ഥാപിക്കാനോ ഓടയുടെ പൊളിഞ്ഞ ഭാഗങ്ങൾ കോൺക്രീറ്റ് ചെയ്ത് സംരക്ഷിക്കാനോ കരാറുകാരൻ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. നവീകരണങ്ങൾ നടത്താതെ പഴയ ഓടയോട് ചേർന്ന് മണ്ണിട്ട് ഉയർത്തിയാണ് പുതിയ ഓടയുടെ നിർമ്മാണം. ബാലരാമപുരം മുതൽ എരുത് താവൂർ വരെയുള്ള ഓടയുടെ നിർമ്മാണം അശാസ്ത്രീയമാണെന്നും നാട്ടുകാർ അഭിപ്രായപ്പെടുന്നു. തണ്ണിക്കുഴി പാലത്തിന് സമീപമുള്ള ഓടയുടെ വശങ്ങളിലെ വീടുകളിലേക്ക് കയറാൻ ഒരു സ്ളാബ് മാത്രമാണ് ഇട്ടിരിക്കുന്നത്. മരത്തടികൊണ്ടും മരപ്പലകകൾ കൊണ്ടുമാണ് പലരും വീട്ടിലേക്കുള്ള താത്കാലിക വഴിയൊരുക്കിയിരിക്കുന്നത്. ഓടയ്ക്ക് സമീപം പാകിയിരുന്ന മെറ്റൽ കഴിഞ്ഞ ദിവസം പെയ്ത മഴയിൽ പൂർണമായും ഒലിച്ചുപോയത് ഓടയുടെ നവീകരണം കൂടുതൽ അവതാളത്തിലാക്കി.

ബാലരാമപുരം – എരുത്താവൂർ റോഡിലെ അശാസ്ത്രീയമായ ഓടനിർമ്മാണം നടത്തിയിട്ടും അധികൃതർ കണ്ട ഭാവം നടിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. പരാതികൾ രൂക്ഷമായതോടെ കഴിഞ്ഞ ദിവസം കുഴികൾ രൂപപ്പെട്ട സ്ഥലങ്ങളിൽ കരിങ്കൽ കഷണങ്ങൾ നിരത്തി. എന്നാൽ ബാലരാമപുരം പഞ്ചായത്ത് ഓഫീസിന് മുൻവശം മുതൽ റെയിൽവെ ക്രോസ് വരെയുള്ള റോഡിന് സമീപം കുഴികൾ രൂപപ്പെട്ടത് വൻ പ്രതിഷേധത്തിനിടയാക്കി. ഈ ഭാഗങ്ങളിലൂടെയുള്ള വാഹനയാത്ര അത്രയും അപകടം നിറഞ്ഞതാണ്. ലോക്ക് ഡൗൺ ആരംഭിക്കുന്നതിന് മുമ്പ് ബോധപൂർവം ഓടയുടെ നവീകരണം വൈകിപ്പിച്ചെന്നും പരാതിയുയർന്നിട്ടുണ്ട്.