തിരുവനന്തപുരം: ഇടതു സർക്കാർ നാലുവർഷം പൂർത്തിയാക്കുമ്പോൾ കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്തെക്കാൾ ആരോഗ്യമേഖലയിലെ വളർച്ചയിൽ 2.54 പോയിന്റ് കുറഞ്ഞെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ സർക്കാർ പാവപ്പെട്ടവർക്കായി നടപ്പാക്കിയ പല പദ്ധതികളും രാഷ്ട്രീയത്തിന്റെ പേരിൽ നിറുത്തലാക്കുകയോ വേണ്ടരീതിയിൽ നടപ്പാക്കാതിരിക്കുകയോ ചെയ്തു. എല്ലാ ജില്ലയിലും മെഡിക്കൽകോളേജ് പദ്ധതി അട്ടിമറിച്ചു.
നാലുവർഷ ഭരണത്തിൽ ഏറ്റവും പ്രാധാന്യം നൽകിയത് ആരോഗ്യമേഖലയ്ക്കാണെന്നാണ് മുഖ്യമന്ത്രി അവകാശപ്പെടുന്നത്. എവിടെയും ലഭിക്കുന്ന ഏറ്റവും മികച്ച ചികിത്സ ഇവിടെയും കിട്ടും. എന്നാൽ പണമുള്ള 10- 15 ശതമാനം പേർക്കേ അത് സാധിക്കുമായിരുന്നുള്ളൂ. അതിനാലാണ് യു.ഡി.എഫ് ഭരണകാലത്ത് കാരുണ്യയും കാൻസർ ചികിത്സാ പദ്ധതിയും ഉൾപ്പെടെ നടപ്പാക്കിയത്. അതെല്ലാമിപ്പോൾ നിലച്ച മട്ടാണ്. കോംക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ യു.ഡി.എഫ് നാലുവർഷം കൊണ്ട് 600ലധികം നടത്തി. അതൊന്നുമിപ്പോൾ കേൾക്കാനില്ല. കാരുണ്യ ഫാർമസികളും ഇല്ലാതായ മട്ടാണ്.
മഞ്ചേരി, ഇടുക്കി, പാലക്കാട് മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം ആരംഭിച്ചതായിരുന്നു. ഈ സർക്കാർ അതൊക്കെ അട്ടിമറിച്ചു. തിരുവനന്തപുരത്ത് ഇന്ദിരാഗാന്ധിയുടെ പേരിൽ ഒരു മെഡിക്കൽ കോളേജ് തുടങ്ങാൻ നടപടി പൂർത്തിയാക്കി. മെഡിക്കൽ കൗൺസിലിന്റെ അനുമതിയും ലഭിച്ചു. പ്രിൻസിപ്പലിനെയും നിയമിച്ച ശേഷമാണ് ഈ സർക്കാർ അത് മുന്നോട്ട് കൊണ്ടുപോകാതിരുന്നത്.
2017- 18ൽ ആരോഗ്യരംഗത്ത് കേരളം ഒന്നാം സ്ഥാനത്തായെങ്കിലത് യു.ഡി.എഫ് സർക്കാരിന്റെ പ്രവർത്തനഫലമാണ്. 2010- 11ലെ ഇടതുസർക്കാർ 126 കോടി ആരോഗ്യമേഖലയിൽ വകയിരുത്തിയപ്പോൾ 2011-16ൽ 665 കോടി രൂപയാണ് യു.ഡി.എഫ് സർക്കാർ വകയിരുത്തിയത്.