തിരുവനന്തപുരം: കൊവിഡ് പ്രതിരോധ നടപടികൾ ചർച്ച ചെയ്യാനായി 27ന് രാവിലെ 11ന് മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചു. ഇതിന് മുന്നോടിയായി 26ന് രാവിലെ 10.30ന് സംസ്ഥാനത്തെ എം.പിമാരുടെയും എം.എൽ.എമാരുടെയും സംയുക്ത യോഗവും വിളിച്ചിട്ടുണ്ട്. വീഡിയോ കോൺഫറൻസ് വഴി നടത്തുന്ന യോഗങ്ങളിൽ ബന്ധപ്പെട്ടവർ ജില്ലാ കളക്ടറേറ്റുകളിൽ പങ്കെടുക്കും. സംസ്ഥാനസർക്കാർ സ്വീകരിച്ച കൊവിഡ് പ്രതിരോധ നടപടികൾ വിശദീകരിക്കുന്നതിനൊപ്പം സംസ്ഥാനത്തിന് കാര്യമായ സഹായം നൽകാത്ത കേന്ദ്ര സർക്കാർ നടപടിയും വിശദീകരിച്ചേക്കും. കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട പദ്ധതികൾ നേടിയെടുക്കാനാവശ്യമായ സമ്മർദ്ദം ചെലുത്താനും എം.പിമാരോട് ആവശ്യപ്പെടും. അതേസമയം, ലോക്ക് ഡൗൺ അവസാനിക്കാൻ അഞ്ച് ദിവസം മാത്രം ശേഷിക്കെ ജനപ്രതിനിധികളുടെ യോഗം വിളിച്ചതിൽ പ്രതിപക്ഷ കക്ഷി നേതാക്കളുൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തി. മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കില്ലെന്ന് കെ. മുരളീധരൻ എം.പി പ്രഖ്യാപിച്ചു.