തിരുവനന്തപുരം: ബെവ് ക്യൂ ആപ്പ് നിർമ്മാണത്തിനായി സ്വകാര്യ കമ്പനിയെ ഏൽപ്പിച്ചത് വൻ തട്ടിപ്പാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു. പ്രാവീണ്യമുള്ള കേന്ദ്ര, സംസ്ഥാന സർക്കാർ ഏജൻസികൾ ഉണ്ടായിട്ടും അവയെ തിരഞ്ഞെടുക്കാത്തത് സംശയാസ്പദമാണ്. ടെൻഡർ നൽകിയ 27 കമ്പനികളിൽ നിന്നാണ് മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും താല്പര്യമുള്ള ഐ.ടി രംഗത്ത് വൈദഗ്ദ്ധ്യമില്ലാത്ത ഫെയർ കോഡെന്ന കമ്പനിയെ തിരഞ്ഞെടുത്തത്. എന്തു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് സാങ്കേതികമികവില്ലാത്ത കമ്പനിക്ക് കരാർ നൽകിയതെന്ന് മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും വിശദീകരിക്കണം. ഡേറ്റ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ആപ്പ് ഗുണനിലവാരമില്ലെന്ന ഗൂഗിളിന്റെ കണ്ടെത്തൽ തന്നെ ഫെയർ കോഡിന് പരിചയസമ്പന്നതയില്ലെന്നതിന് തെളിവാണ്. 20 ലക്ഷം പേരെ സ്വീകരിക്കാൻ ശേഷിയുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദമെങ്കിലും പത്തുലക്ഷം പേർക്കുള്ള ക്രമീകരണമേർപ്പെടുത്താൻ പോലും ഇതുവരെ കമ്പനിക്കായിട്ടില്ല. ഇ- ടോക്കൺ വഴി ഒരാളിൽ നിന്നും 50 പൈസയാണ് കമ്പനി ഈടാക്കുന്നത്. 20 ലക്ഷം പേർ ടോക്കൺ എടുക്കുമ്പോൾ പ്രതിദിനം 10 ലക്ഷം രൂപയും മാസം മൂന്ന് കോടിയും വർഷം 36 കോടിയുമാണ് സ്വകാര്യകമ്പനിക്ക് ലഭിക്കുന്നത്. ഇതിന്റെ പങ്ക് ആരൊക്കെയാണ് പറ്റുന്നതെന്ന് അന്വേഷിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.