തിരുവനന്തപുരം: കഴിഞ്ഞ ദിവസം പെയ്‌ത ശക്തമായ മഴയിലും കാറ്റിലും ജില്ലയിൽ വ്യാപക നാശം. തിരുവനന്തപുരം താലൂക്കിൽ മൂന്ന് വീടുകൾക്ക് പൂർണമായും 37 വീടുകൾക്ക് ഭാഗികമായും കേടുപാടുണ്ടായി. പേട്ട, മണക്കാട്, നേമം വില്ലേജ് എന്നിവിടങ്ങളിലെ വീടുകളാണ് പൂർണമായും തകർന്നത്.
കരമാനയാറിനും കിള്ളിയാറിനും സമീപത്തുണ്ടായിരുന്ന 300 വീടുകളിൽ വെള്ളം കയറി. പല വീടുകളിലെയും ഗൃഹോപകരണങ്ങൾ നശിച്ചു. മരങ്ങൾ കടപുഴകിയതു കാരണം മണിക്കൂറുകളോളം ഗതാഗത തടസപ്പെട്ടു. പോസ്റ്റുകൾ തകർന്നതോടെ പലയിടങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായി. മുട്ടട, വയലിക്കട, അമ്പലംമുക്ക്, വിഴിഞ്ഞം വെള്ളാർ ഭാഗത്തെ താഴ്ന്ന സ്ഥലങ്ങളിലും വിഴിഞ്ഞം അടിമലത്തുറ തുടങ്ങിയ തീരദേശ മേഖലയിലും വെള്ളം കയറി. നെടുമങ്ങാട് താലൂക്കിൽ 112 വീടുകൾക്കും നെയ്യാറ്റിൻകര താലൂക്കിൽ 24 വീടുകൾക്കുമാണ് ഭാഗികമായി കേടുണ്ടായത്. കൃഷിനാശത്തിന്റെ കണക്കുകൾ ശേഖരിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. മുടവൻമുകൾ, നേമം, മണക്കാട് എന്നിവിടങ്ങളിൽ ക്യാമ്പുകൾ തുറന്നിരുന്നെങ്കിലും വെള്ളം വറ്റിയതിനെ തുടർന്ന് ആൾക്കാർ മടങ്ങിപ്പോയതോടെ പ്രവർത്തനം അവസാനിപ്പിച്ചു. വെള്ളനാട്ട് ഒരു ക്യാമ്പ് തുറന്നിരുന്നെങ്കിലും ഇന്നലെ പ്രവർത്തനം അവസാനിപ്പിച്ചു.