ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മം ഓരോരുത്തരുടെയും സ്വപ്നമാണ്. എന്നാൽ മലിനീകരണം, ഭക്ഷണരീതി, ധാരാളം രാസവസ്തുക്കൾ നിറഞ്ഞ ഉൽപ്പന്നങ്ങളുടെ ഉപയോഗം എന്നിവ ചർമ്മത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നു. എന്നാൽ വിഷമിക്കേണ്ട, നിങ്ങളുടെ ചർമ്മത്തിന്റെ പ്രശ്‌നം എന്തായാലും, പ്രകൃതി ഒരുക്കിയ ഒരു മാന്ത്രിക ഘടകമുണ്ട്. അതെ, വേപ്പ് നിങ്ങൾക്ക് തിളക്കമുള്ള ചർമ്മം നേടിത്തരുന്നു.
വിവിധ ചർമ്മപ്രശ്‌നങ്ങൾക്കുള്ള പരിഹാരമായി പണ്ടുകാലം മുതലേ ഉപയോഗിച്ചു വരുന്നതാണ് വേപ്പ്. മുഖക്കുരു അകറ്റാനും, ചുണങ്ങ് ചികിത്സിക്കാനും മുറിവിന് ഒരു ആന്റിസെപ്റ്റിക് ആയും വേപ്പ് ഉപയോഗിക്കാം. മുഖക്കുരു ചികിത്സിക്കാനും ശുദ്ധവും തിളക്കമുള്ളതുമായ ചർമ്മം ലഭിക്കാനുമായി വേപ്പില ഫെയ്‌സ് പായ്ക്കുകൾ ഉപയോഗിക്കാം.
2 ടീസ്പൂൺ വേപ്പ് അരച്ച പേസ്റ്റ്, 3 - 4 നുള്ള് മഞ്ഞൾപ്പൊടി എന്നിവ എടുക്കുക. മഞ്ഞൾപ്പൊടിയും വേപ്പ് അരച്ചതും ചേർത്ത് കട്ടിയുള്ള പേസ്റ്റ് ആക്കുക. ആവശ്യമെങ്കിൽ കുറച്ച് വെള്ളം ഉപയോഗിക്കുക. ഈ പേസ്റ്റ് നിങ്ങളുടെ മുഖത്ത് പുരട്ടി 10 മിനിറ്റ് ഉണങ്ങാൻ അനുവദിക്കുക. ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. അധിക മൃദുത്വത്തിനായി മോയ്‌സ്ചറൈസർ ഉപയോഗിക്കുക.
വേപ്പ്, തുളസി പായ്ക്ക് കറുത്ത പാടുകൾ, മുഖക്കുരു എന്നിവ കുറയ്ക്കാൻ ഈ പായ്ക്ക് സഹായിക്കും, മാത്രമല്ല തിളക്കമുള്ളതും ആരോഗ്യകരവുമായ ചർമ്മം നൽകുകയും ചെയ്യുന്നു. ഒരുപിടി വേപ്പ്, തുളസി ഇലകൾ, 1 ടീസ്പൂണ്‍ തേൻ (വരണ്ടതോ സാധാരണ ചർമ്മമോ ആണെങ്കിൽ മാത്രം ചേർക്കുക), 1 ടീസ്പൂൺ ചന്ദനപ്പൊടി അല്ലെങ്കിൽ മുൾട്ടാനി മിട്ടി എന്നിവയാണ് ആവശ്യം. വേപ്പില വെയിലത്ത് ഉണക്കി പൊടിച്ചെടുക്കുക. ശേഷം, ചർമ്മത്തിന്റെ തരം അനുസരിച്ച് തേൻ, ചന്ദനം അല്ലെങ്കിൽ മുൾട്ടാനി മിട്ടി എന്നിവ കുറച്ച് വെള്ളം ചേർത്ത് പേസ്റ്റ് പരുവത്തിലാക്കുക. ഈ പായ്ക്ക് നിങ്ങളുടെ മുഖത്ത് പുരട്ടി 10 - 15 മിനുട്ട് ഇടുക. തുടർന്ന് വൃത്താകൃതിയിൽ സ്‌ക്രബ് ചെയ്യുക. ശേഷം തണുത്ത വെള്ളത്തിൽ പായ്ക്ക് കഴുകിക്കളയുക.
വേപ്പ്, പപ്പായ പായ്ക്ക് 2 ടീസ്പൂണ്‍ വേപ്പ് പൊടി, 2 ടീസ്പൂണ്‍ പപ്പായ പൾപ്പ് എന്നിവയാണ് ആവശ്യം. വേപ്പ് പൊടിയും പപ്പായ പൾപ്പും തുല്യ അളവിൽ കലർത്തി പേസ്റ്റ് രൂപ മുഖത്ത് പുരട്ടുക. 10 - 15 മിനുട്ട് അല്ലെങ്കിൽ പേസ്റ്റ് പൂർണ്ണമായും വരണ്ടുപോകുന്നതുവരെ മുഖത്ത് വിടുക. ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകി വരണ്ടതാക്കുക. നിങ്ങൾക്ക് പുതിയ വേപ്പ് ഇലകളോ ഉണങ്ങിയതും പൊടിച്ചതോ ആയ ഇലകളോ പായ്ക്കിനായി ഉപയോഗിക്കാം. കൂടുതൽ ഗുണം കിട്ടാനായി ആഴ്ചയിൽ 2 - 3 തവണ ഇവ ഉപയോഗിക്കുക. ചേരുവകൾ നിങ്ങളുടെ വീട്ടിൽ തന്നെ എളുപ്പത്തിൽ ലഭ്യമാണ്. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും അവ ഉണ്ടാക്കാം.