എരുമപ്പെട്ടി:സി.സി.ടി.വി കേബിൾ ഓപറേറ്റർ തിച്ചൂർ പുറയംകുമരത്ത് രാധാകൃഷ്ണനെ ആക്രമിച്ച കേസിൽ മൂന്ന് പേരെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വന്നൂർ മുതിരപറമ്പിൽ സുജിത്ത് (28), ചൊവ്വന്നൂർ കല്ലഴിക്കുന്ന് സ്വദേശികളായ കടവിൽ വിശാഖ് (36), കാക്കശേരി സുബിൻലാൽ (36) എന്നിവരെയാണ് ഇൻസ്‌പെക്ടർ കെ.കെ. ഭൂപേഷ് അറസ്റ്റ് ചെയ്തത്. പ്രതികളെ പിന്നീട് ജാമ്യത്തിൽ വിട്ടു.കഴിഞ്ഞ വ്യാഴാഴ്ചയാണ് തിച്ചൂർ പള്ളിപാടത്ത് വച്ച് പ്രതികൾ രാധാകൃഷ്ണനെ മർദ്ദിച്ചത്. മദ്യപിച്ച് ഇതുവഴി കാറിൽ സഞ്ചരിച്ചിരുന്ന പ്രതികൾ റോഡിൽ വാഹനം നിറുത്തി മാർഗതടസം സൃഷ്ടിച്ചപ്പോൾ ബസിന് വശം ഒതുക്കി കൊടുക്കാൻ രാധാകൃഷ്ണൻ അഭ്യർത്ഥിച്ചതാണ് ആക്രമണത്തിന് കാരണം. പ്രകോപിതനായി കാറിൽ നിന്ന് ഇറങ്ങി വന്ന സുജിത്ത് അസഭ്യം പറഞ്ഞ് രാധാകൃഷ്ണനെ മർദ്ദിക്കുകയായിരുന്നു. ഇതിനുശേഷം ഭീഷണി മുഴക്കി പരിസരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് പ്രതികൾ സ്ഥലം വിട്ടത്. ഇവരുടെ കാർ പിന്നീട് ടയർ പഞ്ചറായ അവസ്ഥയിൽ വഴിയിൽ ഉപേക്ഷിച്ചിരുന്നു. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇവർ മദ്യപിച്ചിരുന്നതായി രാധാകൃഷ്ണൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ലോക്ക് ഡൗൺ കാലത്ത് ഇവർക്ക് മദ്യം ലഭിച്ച സാഹചര്യത്തെ കുറിച്ചും വ്യാജചാരായ മാഫിയയുമായി പ്രതികൾക്ക് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷണം നടത്താൻ യു.ആർ. പ്രദീപ് എം.എൽ.എ കുന്നംകുളം അസിസ്റ്റന്റ് കമ്മിഷണർ ടി.എസ്. സിനോജിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.