mg-uni
എംജി

തിരുവനന്തപുരം: ബിരുദ കോഴ്സുകളിലെ ഒന്നിടവിട്ട സെമസ്റ്ററുകളിൽ (ഒന്ന്, മൂന്ന്, അഞ്ച്) ഓൺലൈൻ പരീക്ഷ നടത്താൻ എം.ജി സർവകലാശാല തീരുമാനിച്ചു. മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാവും ഉണ്ടാവുക. നാല് ഓപ്ഷനിൽ നിന്ന് ഉത്തരമെഴുതാം. ആർട്സ്, സയൻസ്, ലാ, എം.ബി.എ, എം.സി.എ, ആർക്കിടെക്ചർ കോഴ്സുകളിൽ അടുത്ത അദ്ധ്യയനവർഷം മുതൽ ഇത് നടപ്പാക്കും.

പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കി പകരം തുടർവിലയിരുത്തലിലൂടെ കോളേജുകൾ ഗ്രേഡ് നൽകും. ഇതിന്റെ മേൽനോട്ടം സർവകലാശാലയ്ക്കാണ്. ക്രമക്കേട് തടയാൻ ഇടവിട്ടുള്ള പരിശോധനകളുണ്ടാവും.

ഓൺലൈൻ ബിരുദ പരീക്ഷയ്ക്കായി കോളേജുകൾ നൂറ് കമ്പ്യൂട്ടറുകളുള്ള ടെസ്റ്റിംഗ് കേന്ദ്രങ്ങൾ സജ്ജമാക്കണം. ഗവ.കോളേജുകളിൽ ഇതിന് കിഫ്‌ബി ഫണ്ടുപയോഗിക്കും. സർവകലാശാലയിലും ഇത്തരമൊരു സെന്റർ സജ്ജമാക്കും. മറ്റുപരീക്ഷകൾക്കും കോളേജുകൾക്ക് ഈ കേന്ദ്രങ്ങൾ വിട്ടുനൽകാം.

പരീക്ഷാഫീസടക്കം ഓൺലൈനിൽ അടയ്ക്കാം. സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷ ഓൺലൈനിൽ നൽകി ഡൗൺലോഡ് ചെയ്തെടുക്കാം. ഓൺലൈൻ പഠനസൗകര്യവും വിപുലീകരിക്കും.

മൂല്യനിർണയവും ഓൺലൈൻ

ഉത്തരക്കടലാസുകളുടെ മൂല്യനിർണയവും ഓൺലൈനാവും. ഉത്തരക്കടലാസ് സ്കാൻ ചെയ്ത് അദ്ധ്യാപകർക്ക് ഓൺലൈനിൽ നൽകും. പ്രത്യേക സോഫ്‌റ്റ്‌വെയറിലാണ് മൂല്യനിർണയം നടത്തേണ്ടത്. ഉത്തരം വായിച്ച് സ്ക്രീനിൽ മാർക്ക് രേഖപ്പെടുത്താം. ഒരുത്തരത്തിന് മാർക്കിടാതെ അടുത്തതിലേക്ക് നീങ്ങാനാവില്ല. മൂല്യനിർണയത്തിലെ പിശകുകൾ ഇതോടെ കുറയും. ടാബുലേഷനും എളുപ്പമാവും. വേഗത്തിൽ ഫലപ്രഖ്യാപനവും സാദ്ധ്യം. ഇതിനായി ഐ.എച്ച്.ആ‌ർ.ഡിയുടെ സോഫ്‌റ്റ്‌വെയർ വാങ്ങും.

പി.ജി എൻട്രൻസ്

എം.ജി സർവകലാശാലാ കാമ്പസിലെ പി.ജി കോഴ്സുകളിലേക്കുള്ള ഇക്കൊല്ലത്തെ പ്രവേശനപരീക്ഷ ഓൺലൈനായി നടത്തും. പരീക്ഷാനടത്തിപ്പിന് ടാറ്റാ കൺസൾട്ടൻസിയെ ചുമതലപ്പെടുത്തും. ചോദ്യപേപ്പർ സർവകലാശാല തയ്യാറാക്കും.

260

സ്വാശ്രയ, എയ്ഡഡ്, സർക്കാർ കോളേജുകളാണ് എം.ജി സർവകലാശാലയിലുള്ളത്.

"ബുദ്ധിപരവും എളുപ്പം ഗ്രഹിക്കാവുന്നതുമായ ചോദ്യങ്ങളാവും മൾട്ടിപ്പിൾ ചോയ്സിലുണ്ടാവുക "

പ്രൊഫ.സാബു തോമസ്

വൈസ്ചാൻസലർ, എം.ജി സർവകലാശാല