corporation

തിരുവനന്തപുരം: ചൊവ്വാഴ്ച മുതൽ പുനരാരംഭിക്കുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ നടത്തുന്നതിനായി നഗരപരിധിലെ സ്‌കൂളുകളിൽ ക്രമീകരണങ്ങൾ ആരംഭിച്ചു. പരീക്ഷ നടക്കുന്ന എല്ലാ സ്‌കൂളുകളിലും അണുനശീകരണം നടത്തും. വിദ്യാർത്ഥികൾക്കാവശ്യമായ സാനിറ്റൈസറും മാസ്‌കുകളും നഗരസഭ ലഭ്യമാക്കും. കുട്ടികളുടെ വാഹന സൗകര്യം സംബന്ധിച്ച് ഹെഡ്മാസ്റ്റർമാർ വ്യക്തമായ പ്ലാൻ തയ്യാറാക്കണമെന്നും യു.പി, എൽ.പി സ്‌കൂളുകളിലെ ബസുകൾകൂടി ഇതിനായി പ്രയോജനപ്പെടുത്തണമെന്നും മേയർ കെ. ശ്രീകുമാർ നിർദ്ദേശിച്ചു. അധികമായി വാഹന സൗകര്യം ആവശ്യം വന്നാൽ മുൻകൂട്ടി നഗരസഭാ സെക്രട്ടറിയെ അറിയിക്കണം. ഗതാഗത പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിന് പൊലീസ് അധികാരികൾക്ക് നിർദ്ദേശം നൽകും. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ക്യാമ്പുകളായി പ്രവർത്തിച്ചിരുന്ന സ്‌കൂളിൽ നിന്നും അന്തേവാസികളെ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കും. പരീക്ഷാ നടത്തിപ്പിനാവശ്യമായ സൗകര്യം ഏർപ്പെടുത്തുന്നതിന്റെ മുന്നോടിയായി ഇന്നലെ നഗരസഭയുടെ ഡിസ്ഇൻഫെക്ഷൻ ടീമിന്റെ നേതൃത്വത്തിൽ സ്‌കൂളുകളിൽ അണുനശീകരണം നടത്തി. അവലോകന യോഗത്തിൽ മേയർ കെ. ശ്രീകുമാർ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. സുദർശനൻ, നഗരസഭ സെക്രട്ടറി എൽ.എസ്. ദീപ, അഡീഷണൽ സെക്രട്ടറി ബിനി. കെ.യു, ഹെൽത്ത് ഓഫീസർ ഡോ.എ. ശശികുമാർ, വിദ്യാഭ്യാസ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഇ.എസ്. നാരായണി എന്നിവർ പങ്കെടുത്തു.