തിരുവനന്തപുരം: മദ്യവിതരണത്തിനായി പ്രത്യേക മൊബൈൽ ആപ്പ് രൂപീകരിച്ചതുമായി ബന്ധപ്പെട്ടുയരുന്ന അഴിമതിയാരോപണങ്ങൾക്ക് സർക്കാർ വിശദീകരണം തൃപ്തികരമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
സർക്കാർ ഏജൻസികളായ ഐ.ടി മിഷനോ സി-ഡിറ്റിനോ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു ആപ്പായിട്ടുകൂടി സി.പി.എമ്മുമായി ബന്ധമുള്ളയാളുടെ കമ്പനിക്ക് അനുമതി കൊടുക്കുകയായിരുന്നെന്ന് ചെന്നിത്തല പറഞ്ഞു.
മദ്യം വാങ്ങുന്നതിനുള്ള ഓരോ ടോക്കണിനും 50 പൈസ വരെ ഈ കമ്പനിക്ക് ലഭിക്കുമെന്ന വാർത്തകളാണ് പുറത്തുവരുന്നത്. അങ്ങനെയാണെങ്കിൽ അതിന്റെ അർത്ഥം യാതൊരു ചെലവുമില്ലാത്ത ഈ കമ്പനിക്ക് പ്രതിമാസം 3 കോടി രൂപ വരെ കിട്ടുമെന്നാണ്. ബെവ്‌കോയുടെ ഔട്ട്‌ലെറ്റുകളുടെ ക്രമീകരണത്തിന് ഇത്തരമൊരു സ്വകാര്യ കമ്പനിയെ ആശ്രയിക്കേണ്ട എന്താവശ്യമാണുള്ളത്. ഇക്കാര്യം സർക്കാർ ഗൗരവമായി അന്വേഷിക്കണം. ഈ ആവശ്യമുന്നയിച്ച് മന്ത്രി ടി.പി.രാമകൃഷ്ണന് കത്ത് നൽകിയെന്നും ചെന്നിത്തല പറഞ്ഞു.
ഹൈക്കോടതിയിൽ സ്‌പ്രിൻക്ലർ നൽകിയ സത്യവാങ്മൂലത്തിൽ ഡേറ്റയെല്ലാം നശിപ്പിച്ചുവെന്ന് പറഞ്ഞത് വിശ്വാസയോഗ്യമല്ലെന്നും അംഗീകരിക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു. ഡേറ്റാ കൈയിൽ കിട്ടിയാൽ എങ്ങനെ ഉപയോഗിക്കണമെന്ന ശാസ്ത്രീയ പരിജ്ഞാനമുള്ള കമ്പനിയാണ് സ്‌പ്രിൻക്ലർ. നശിപ്പിച്ചെന്ന് പറയുന്ന ഡേറ്റകൾ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കില്ലെന്ന് എങ്ങനെ വിശ്വസിക്കാനാകും? ഡേറ്റ ദുരുപയോഗം ചെയ്യാനുള്ള സാദ്ധ്യത കൂടുതലായത് കൊണ്ടുതന്നെ ഇതു സംബന്ധിച്ച് സമഗ്ര ഓഡിറ്റ് വേണം.
കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സർവ്വകക്ഷിയോഗം വിളിച്ചതിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ യോഗത്തിന്റെ കാര്യം ഇതുവരെ തന്നെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.