@ട്വിറ്ററിലെ ചോദ്യങ്ങൾക്ക് മറുപടി
തിരുവനന്തപുരം: ജനങ്ങളുടെ ഒരുമയാണ് കേരളത്തിന്റെ ശക്തിയെന്നും അതുകൊണ്ടാണ് ഏത് പ്രതിസന്ധിയും അതിജീവിക്കാൻ കഴിയുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊവിഡ് പ്രതിസന്ധിയെ സംബന്ധിച്ച് ട്വിറ്ററിൽ ഉന്നയിച്ച ചോദ്യങ്ങൾക്കും മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ഇന്നലെ ഉച്ചയ്ക്ക് 12നാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. നിരവധി പേർ നേരത്തേ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.
എങ്ങനെയാണ് കാര്യക്ഷമമായി കൊവിഡിനെ നേരിട്ടതെന്നായിരുന്നു പലർക്കും അറിയേണ്ടിയിരുന്നത്. മാർച്ച് ആദ്യം അമേരിക്കയിലും യൂറോപ്പിലും കോവിഡ് വ്യാപകമായപ്പോൾ തന്നെ കേരളത്തിലെ നാല് എയർപോർട്ടുകളിൽ വന്നവരെ പരിശോധിച്ചതുൾപ്പെടെയുള്ള പ്രവർത്തനങ്ങളും പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഡി.പി സാനിറ്റൈസറും കുടുംബശ്രീയും സ്വാശ്രയ സംഘങ്ങളും മാസ്‌ക്കുകളും ഉണ്ടാക്കിയതും മുഖ്യമന്ത്രി വിശദീകരിച്ചു.
ജനങ്ങളുടെ അവബോധവും പിന്തുണയുമായിരുന്നു ഏറ്റവും വലുത്. ജനപങ്കാളിത്തമാണ് കേരള മോഡലിന്റെ പ്രത്യേകത. സംസ്ഥാനത്തെ ആരോഗ്യപരിപാലന സംവിധാനം രാജ്യത്തെ തന്നെ ഏറ്റവും മികച്ചതാണ്.
കൊവിഡിനെ പ്രതിരോധിക്കുന്നതിൽ നേട്ടമായത് പ്രവർത്തനങ്ങളുടെ വേഗതയാണ്.രോഗമുണ്ടാവാനിടയുള്ളവരെ സൂക്ഷ്മമായി നിരീക്ഷിച്ചു. രോഗലക്ഷണം കണ്ടവരുടെ റൂട്ട് മാപ്പ് തയ്യാറാക്കി സാദ്ധ്യതയുള്ളവരെ നിരീക്ഷണത്തിലാക്കി. രോഗ ശുശ്രൂഷയും കാര്യക്ഷമമായി ചെയ്തു. കോവിഡ് വന്ന് നൂറ് ദിവസമായിട്ടും സാമൂഹ്യവ്യാപനം ഉണ്ടാകാത്തത് ജനങ്ങളിലുള്ള വിശ്വാസത്തിന്റെ തെളിവാണ്.
കൊവിഡ് മൂലം ആരും പട്ടിണികിടക്കുന്നില്ല എന്ന് സർക്കാർ ഉറപ്പുവരുത്തി.ഇതിനായി ക്ഷേമനിധികളിലൂടെ സഹായം നൽകി. ധാന്യങ്ങളും നൽകി. മൂന്നു ലക്ഷം കുടിയേറ്റ തൊഴിലാളികൾക്ക് 20,000 ക്യാമ്പുകളിൽ താമസവും ഭക്ഷണവും നൽകി.
പ്രകൃതി ദുരന്തങ്ങൾ നേരിടാനും സർക്കാർ ഒരുക്കമാണ്. മാലിന്യം മൂലമാണ് മഴക്കാലത്ത് രോഗങ്ങൾ കൂടുതലും ഉണ്ടാവുന്നത്. ഇത് പരിഹരിക്കാൻ കൊവിഡിന് മുമ്പേ മാലിന്യ നിർമ്മാർജ്ജനം തുടങ്ങിയതാണ്. കൊവിഡ് ഇതിന് തടസമായെങ്കിലും ഇപ്പോൾ വീണ്ടും സജീവമായിട്ടുണ്ട്. എസ്.എസ്. എൽ.സി പരീക്ഷ എഴുതുന്ന സംസ്ഥാന അതിർത്തിക്ക് പുറത്തുള്ള വിദ്യാർത്ഥികൾക്കായി പ്രത്യേകം താമസ സൗകര്യം ഏർപ്പെടുത്തും. ബന്ധുക്കൾ ക്വാറന്റൈനിലുള്ളവർക്ക് പരീക്ഷ എഴുതാനും പ്രത്യേകം സംവിധാനമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.