jose

കാലടി: വ്യാജ മദ്യം നിർമിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേർ പൊലീസ് പിടിയിലായി.കൊറ്റമം തളിയൻ വീട്ടിൽ ടിന്റോ ജോസ് (32), ഷിനോയ് (37) എന്നിവരാണ് അറസ്റ്റിലായത്. 50 ലിറ്ററോളം വാഷും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു. യൂട്യൂബിൽ നിന്നാണ് പ്രതികൾ ചാരായം വാറ്റുന്ന വിധം കണ്ട് പഠിച്ചത്.

കൊറ്റമം പള്ളി കടവിനടുത്ത് പെരിയാർ പുഴയോട് ചേർന്നുള്ള കുറ്റിക്കാട്ടിൽ ചാരായം വാറ്റാൻ തയ്യാറെടുകുമ്പോഴാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

വാറ്റ് ഉപകരണങ്ങൾ പ്രതികൾ സ്വന്തമായി നിർമിക്കുകയായിരുന്നു. ഒന്നാം പ്രതിയായ ടിന്റോ ജോസ് കാലടി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളും, നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമാണ്. രണ്ടാം പ്രതി ഷിനോയി ലോക് ഡൗണിന് മുമ്പ് ഇംഗ്ലണ്ടിൽ നിന്നും ലീവിന് വന്നതാണ്.

കാലടി സി.ഐ എം.ബി ലത്തീഫിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ജെയിംസ് മാത്യു, എം.എൻ സുരേഷ്, എ.എസ്.ഐമാരായ അബ്ദുൽ സത്താർ, ഷിജു എസ്,​സി.പി.ഒമാരായ സജിത്ത് കുമാർ, വിൽസൺ.യു.പി, സെബാസ്റ്റ്യൻ, അനിൽകുമാർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.ലോകഡൗണിൽ ഇതുവരെ കാലടി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നായി 125ലിറ്ററോളം സ്പിരിറ്റും 11പ്രതികളെയും അറസ്റ്റിലായിട്ടുണ്ട്.