തിരുവനന്തപുരം: നഗരത്തിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 336പേർക്കെതിരെ കേസെടുത്തതായും വീട്ടുനിരീക്ഷണം ലംഘിച്ച രണ്ടുപേരെ പിടികൂടി സർക്കാർ ക്വാറന്റൈനിലാക്കിയെന്നും സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു. ഇവർക്കെതിരെ കേസെടുത്തിട്ടുമുണ്ട്. ഇരുവരും തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്നും ആര്യങ്കാവ് ചെക്ക്പോസ്റ്റ് വഴി തിരുവനന്തപുരത്തെത്തി വഞ്ചിയൂർ, തുമ്പ സ്റ്റേഷൻ പരിധിയിൽ ഹോംക്വാറന്റൈനിൽ കഴിയുകയായിരുന്നു. പൊലീസ് ഇവരുടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയിൽ ഇവർ വീട്ടിലില്ലെന്ന് മനസിലാക്കി നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. ഇവർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരവും കേരള പബ്ലിക് ഹെൽത്ത് ആക്ട് പ്രകാരവും കേസെടുത്തു. തലസ്ഥാനത്ത് ഇവരുൾപ്പെടെ നാലുപേരാണ് ക്വാറന്റൈൻ ലംഘിച്ചതിന് ഇതുവരെ പിടിയിലായത്. എസ്.എച്ച്. ഒമാരുടെ നേതൃത്വത്തിൽ ഹോം ക്വാറന്റൈനിലുള്ളവരെ വീടുകളിലെത്തി പരിശോധിക്കും. ഇന്നലെ ലോക്ക് ഡൗൺ ലംഘനം നടത്തിയ 16പേർക്കെതിരെ കേസെടുത്തതായും കമ്മിഷണർ അറിയിച്ചു.