covid

തിരുവനന്തപുരം:കേരളത്തിലേക്ക് നേരിട്ട് വിമാനങ്ങൾ വേണമെന്ന ആവശ്യവുമായി ജർമ്മനിയിലുള്ള ഒരു കൂട്ടം മലയാളികൾ. വിദേശത്തുള്ളവരെ തിരിച്ചെത്തിക്കാനുള്ള വന്ദേഭാരത് മിഷനിൽ ബ്രിട്ടൻ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നെല്ലാം വിമാനങ്ങളുണ്ടെങ്കിലും ജർമ്മനിയിൽ നിന്ന് വിമാനമില്ല. കുടുങ്ങിക്കിടക്കുന്ന മിക്കവരുടെയും വിസാകാലാവധി കഴിഞ്ഞിരുന്നെങ്കിലും ജർമ്മൻ സർക്കാർ ഒരു തവണ കാലാവധി നീട്ടി നൽകിയിരുന്നു. വീണ്ടും കാലാവധി നീട്ടുമെന്ന് കരുതാനാവില്ലെന്നും വേഗത്തിൽ നാട്ടിലെത്തിക്കണമെന്നും മലയാളികൾ ആവശ്യപ്പെടുന്നു. ജർമ്മനിയിലെ സ്ഥിതി രൂക്ഷമാണ്. ആരോഗ്യ ഇൻഷ്വറൻസ്, മുറി വാടക എന്നിവയ്ക്കൊന്നും നൽകാൻ കൈയിൽ പണമില്ലെന്നും ചെലവുകൾ താങ്ങാനാവില്ലെന്നും മലയാളികൾ വ്യക്തമാക്കി. ജർമ്മനി, സ്പെയിൻ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് വന്ദേഭാരത് ദൗത്യത്തിന്റെ രണ്ടാംഘട്ടത്തിൽ മേയ് അവസാനത്തോടെ പ്രത്യേക വിമാനങ്ങൾ അയയ്ക്കുമെന്നാണ് നേരത്തേ കേന്ദ്രം വ്യക്തമാക്കിയിരുന്നതെങ്കിലും ഇതുവരെ നടപടിയൊന്നുമായിട്ടില്ല.