nripan

ചാരുംമൂട്: കൊവിഡ് പശ്ചാത്തലത്തിൽ പഞ്ചാബിൽ നിന്നു ട്രെയിനിൽ നാട്ടിലേക്കു വന്ന മാവേലിക്കര സ്വദേശിയായ യുവാവിനെ ആന്ധയിലെ വിജയവാഡ റെയിൽവേ സ്റ്റേഷനിലെ ട്രാക്കിൽ മറ്റൊരു ട്രെയിൻ കയറി മരിച്ച നിലയിൽ കണ്ടെത്തി. മാവേലിക്കര താമരക്കുളം നാലുമുക്ക് സൗപർണ്ണികയിൽ രഘുപതി-സുജാത ദമ്പതികളുടെ മകൻ നൃപൻ ചക്രവർത്തിയാണ് (33) മരിച്ചത്.

പഞ്ചാബ് ജലന്ധറിലുള്ള സ്വകാര്യ ഓയിൽ കമ്പനിയിൽ പത്ത് വർഷമായി ജോലി ചെയ്യുന്ന നൃപൻ 19നാണ് കടമ്പനാട്, ഹരിപ്പാട് സ്വദേശികളായ രണ്ടു കൂട്ടുകാർക്കൊപ്പം നാട്ടിലേക്ക് പുറപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ വിജയവാഡയ്ക്കടുത്ത കൊണ്ടപ്പള്ളി റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ ട്രെയിൻ ഒരു മണിക്കൂറോളം പിടിച്ചിട്ടിരുന്നു. ഈ സമയം ട്രെയിനിൽ നിന്നിറങ്ങിയ നൃപൻ കുറേ സമയം കഴിഞ്ഞും തിരികെ എത്താത്തതിനെ തുടർന്ന് കൂടെയുണ്ടായിരുന്നവർ പ്ലാറ്റ്ഫോമിൽ തിരഞ്ഞെങ്കിലും കണ്ടെത്തിയില്ല. ട്രെയിൻ പുറപ്പെട്ടിട്ടും നൃപൻ എത്തിയിരുന്നില്ല. ഗുഡ്സ് ട്രെയിൻ കയറി മരിച്ച നിലയിൽ പ്ലാറ്റ്ഫോമിലെ ട്രാക്കിൽ 2.30 ഓടെ നൃപന്റെ മൃതദേഹം കണ്ടെത്തിയെന്ന് അന്നുരാത്രി 2 മണിയോടെ ആന്ധ്ര പൊലീസ് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

നൃപന്റെ ബാഗുകളും മറ്റും കൂടെയുണ്ടായിരുന്നവർ നാട്ടിൽ എത്തിച്ചിട്ടുണ്ട്. വിജയവാഡ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുളളത്. റാപ്പിഡ് പരിശോധന നടത്തിയപ്പോൾ നൃപന് കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചതാണ്. മൃതദേഹം നാട്ടിലെത്തിക്കാനായി താമരക്കുളത്തു നിന്നു ബന്ധുക്കൾ ഇന്നലെ വിജയവാഡയ്ക്ക് തിരിച്ചു. സഹോദരി: നിത്യ .