rail

പാറശാല: ആറ് മാസം പ്രായമായ കുഞ്ഞിനെ റെയിൽവേ ട്രാക്കിൽ വലിച്ചെറിഞ്ഞു കൊന്ന ശേഷം മാതാവ് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. പാറശാല മുര്യങ്കര ചിന്നംകോട് കുളത്തിനു സമീപം ബാലാരാജിന്റെയും റാണിയുടെയും മകൾ അമ്പിളിയാണ് കടുംകൈ ചെയ്തത്. ഇന്നലെ വൈകിട്ട് മൂന്നിന് പാറശാല റെയിൽവേ സ്റ്റേഷന് സമീപത്താണ് സംഭവം.

നാഗർകോവിലിൽ നിന്ന് വരികയായിരുന്ന സ്പെഷ്യൽ ട്രെയിനിനു മുന്നിലേക്കാണ് അമ്പിളി ചാടിയത്. അമ്പിളി ട്രെയിനിന് അടിയിൽപ്പെട്ടെങ്കിലും ലോക്കോ പൈലറ്റ് ട്രെയിനിന്റെ വേഗത ദൂരെ നിന്നേ കുറച്ചതിനാൽ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.മെഡിക്കൽ കൊളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ് അമ്പിളി. കുടുംബ പ്രശ്നങ്ങളെത്തുടർന്ന് മാനസിക സമ്മർദ്ദത്തിലായിരുന്നു അമ്പിളിയെന്നാണ് അറിയുന്നത്. നാട്ടുകാരും പാറശാല പൊലീസും ചേർന്ന്‌ ഏറെ പണിപ്പെട്ട് അമ്പിളിയെ പുറത്തെടുത്തത്.

പൊലീസ് പറയുന്നത്
ഒന്നര വർഷം മുൻപ് അമ്പിളി മറ്റൊരു മതവിഭാഗത്തിൽപ്പെട്ടയാളെ പ്രണയിച്ച് വിവാഹം കഴിച്ചു. ഇതിന് വീട്ടുകാരുടെ സമ്മതമില്ലായിരുന്നു. കുഞ്ഞ് ജനിച്ചശേഷം ഭർത്താവ് ഉപേക്ഷിച്ചു. ഇതോടെ അമ്മയും കുഞ്ഞും സ്വന്തം വീട്ടിൽ മാതാപിതാക്കൾക്കൊപ്പം താമസിച്ച് വരികയായിരുന്നു. ഇന്നലെ വീട്ടിൽ വഴക്കുണ്ടായതോടെ അമ്പിളി കുഞ്ഞിനെയും എടുത്ത് ഇറങ്ങി. അനുനയിപ്പിക്കാൻ അമ്മ റാണി പിറകേ പോയി. കുഞ്ഞിനെ ട്രാക്കിലെറിയുന്നതു കണ്ട് നിലവിളിച്ചുകൊണ്ട് റാണി ഓടിയെത്തിയെങ്കിലും അമ്പിളി ട്രെയിനിന് അടിയിൽപ്പെട്ടിരുന്നു. ട്രാക്കിൽ തലയിടിച്ചാണ് കുഞ്ഞ് മരിച്ചത്.