h

പഴയന്നൂർ: പ്രവാസിയുടെ വീട്ടിലേക്ക് അജ്ഞാതർ പെട്രോൾ ബോംബെറിഞ്ഞു. പഴയന്നൂർ വെള്ളാർകുളം പുളിങ്കൂട്ടം ആലിക്കപ്പറമ്പിൽ ഷെമീർ അലിയുടെ വീട്ടിലേക്ക് ഇന്നലെ പുലർച്ചെയാണ് ബോംബേറ് ഉണ്ടായത്. കിടപ്പുമുറിയുടെ കർട്ടനു തീ പടർന്നങ്കിലും ഉറങ്ങിക്കിടന്നിരുന്ന ഷെമീർ അലിയുടെ രണ്ടു വയസുള്ള കുട്ടിയും ഭാര്യാപിതാവ് സൈതലവി, മാതാവ് ആമിനക്കുട്ടി എന്നിവർ പൊള്ളലേൽക്കാതെ രക്ഷപ്പെപ്പെട്ടു.

ഷെമീർ അലിയുടെ ഭാര്യയും രണ്ടു മക്കളും വേറേ മുറിയിൽ ആണ് കിടന്നിരുന്നത്. രണ്ടു ബിയർ കുപ്പിയും ഒരു പ്ലാസ്റ്റിക് കുപ്പിയുമാണ് എറിഞ്ഞത്. പെട്രോൾ നിറച്ച് തിരി കത്തിച്ച കുപ്പികളിലൊന്ന് ജനൽ തുറന്നു കിടന്ന മുറിയിലേക്കും ഒന്ന് ഉമ്മറത്തേക്കും മറ്റൊന്ന് മുറ്റത്ത് പാർക്ക് ചെയ്തിരിരുന്ന ബൈക്കിനെയും ലക്ഷ്യമാക്കിയായിരുന്നു.

തീയും, ശബ്ദവും കേട്ട് ഉണർന്ന വീട്ടുകാർ ഓട്ടോറിക്ഷ സ്റ്റാർട്ട് ചെയ്തു പോകുന്നത് കണ്ടതായി പറയുന്നു. മുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ തീ പിടിക്കാത്തതും ഭാഗ്യമായി. കഴിഞ്ഞ ഡിസംബറിലും സമാന രീതിയിൽ അക്രമണം ഉണ്ടായതായി പറയുന്നു. പഴയന്നൂർ സി.ഐ: പി.സി. ചാക്കോയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.