1999 മേയ് 23
ഇംഗ്ളണ്ടിലെ ബ്രിസ്റ്റോൾ ക്രിക്കറ്റ് സ്റ്റേഡിയം ഇന്ത്യയും കെനിയയും തമ്മിലുള്ള ലോകകപ്പ് മത്സരം നടക്കുകയാണ്. പ്രാഥമിക റൗണ്ടിലെ ആദ്യമത്സരത്തിൽ ദക്ഷിണാഫ്രിക്കയോടും രണ്ടാം മത്സരത്തിൽ സിംബാബ്‌വെയോടും തോറ്റ ഇന്ത്യയ്ക്ക് ഇൗ കളി ജയിച്ചില്ലെങ്കിൽ പുറത്തുപോകേണ്ടിവരും. ഇന്ത്യൻ ആരാധകർ ആകാംക്ഷയുടെ മുൾമുനയിൽ.
ടോസ് നേടിയ കെനിയ ഇന്ത്യയെ ബാറ്റിംഗിനയച്ചു. 11-ാം ഒാവറിൽ ടീം സ്കോർ 50ൽ നിൽക്കേെ ഒാപ്പണർ ഗാംഗുലി പുറത്ത്. സച്ചിൻ ടെൻഡുൽക്കർ ക്രീസിലേക്ക് പിന്നീട് അവിടെ നടന്നത് ചരിത്രം. ഇന്ത്യ 50 ഒാവർ പൂർത്തിയാക്കുമ്പോൾ സ്കോർ 329/2. 101 പന്തുകൾ നേരിട്ട സച്ചിൻ പുറത്താകാതെ നേടിയത് 140 റൺസ് 16 ബൗണ്ടറികളും മൂന്ന് സിക്സുകളും സച്ചിന്റെ ബാറ്റിൽനിന്ന് പറന്നു. ഒപ്പം പുറത്താകാതെ 104 റൺസ് നേടി ദ്രാവിഡും.
മത്സരം 94 റൺസിന് ജയിച്ച് ഇന്ത്യ സൂപ്പർ സിക്സിലേക്ക് കടക്കാനുള്ള ആദ്യ പടവ് കയറി. സൂപ്പർ സിക്സിൽ തോറ്റ് ടീം സെമി കാണാനാകാതെ മടങ്ങിയെന്നത് സത്യം. എന്നാൽ ബ്രിസ്റ്റോളിലെ സച്ചിന്റെ ആ ഇന്നിംഗ്സ് അദ്ദേഹം മാത്രമല്ല ക്രിക്കറ്റ് ആരാധകരും എന്നും ഒാർമ്മിക്കും.
സച്ചിന്റെ 100 അന്താരാഷ്ട്ര സെഞ്ച്വറികളിൽ ഒന്നുമാത്രമായി ഒതുങ്ങേണ്ട ആ സെഞ്ച്വറി 21 കൊല്ലത്തിന് ശേഷവും ഇത്രയും രോമാഞ്ചത്തോടെ ഒാർക്കാൻ കാരണം ഏത് സാഹചര്യത്തിലാണ് സച്ചിൻ ആ ഇന്നിംഗ്സ് കളിച്ചത് എന്നതുകൊണ്ടാണ്. ലോകകപ്പിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് തോറ്റശേഷമാണ് സച്ചിനെത്തേടി ആ ദുരന്ത വാർത്തയെത്തുന്നത്. എക്കാലവും താങ്ങും തണലുമായിരുന്ന അച്ഛൻ രമേഷ് ടെൻഡുൽക്കർ നിര്യാതനായിരിക്കുന്നു. സംസ്കാരച്ചടങ്ങുകൾക്കായി സങ്കടം കടിച്ചമർത്തി സച്ചിൻ മുംബയിലെത്തി. എന്നാൽ അപ്പോഴേക്ക് ഇന്ത്യ രണ്ടാംമത്സരത്തിൽ സിംബാബ്‌വെയോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിക്കഴിഞ്ഞു. ഇതോടെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും ജയിച്ചില്ലെങ്കിൽ പ്രാഥമിക റൗണ്ടിൽതന്നെ ഇന്ത്യ പുറത്താകുന്ന സ്ഥിതി. ആ സ്ഥിതിയിൽ ടീമിനെ ഉപേക്ഷിക്കാൻ സച്ചിന് കഴിയുമായിരുന്നില്ല. ചടങ്ങുകൾ പൂർത്തിയാക്കി സച്ചിൻ നേരെ വിമാനം കയറിയത് ബ്രിസ്റ്റോളിലേക്കായിരുന്നു.
അന്ന് സെഞ്ച്വറി പൂർത്തിയാക്കിയ ശേഷം സച്ചിൻ ആകാശത്തേക്ക് മിഴിയുയർത്തിയപ്പോൾ അച്ഛനെയോർത്ത് കണ്ണുകൾ നിറഞ്ഞിരുന്നു. അച്ഛന്റെ ആത്മാവിന് സെഞ്ച്വറികൊണ്ട് ബലിയർപ്പിക്കുകയായിരുന്നു സച്ചിൻ.