തിരുവനന്തപുരം:സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ശ്രീകാര്യം കല്ലമ്പള്ളി കുടുംബവീട്ടിലെ ഒരേക്കർ തരിശുനിലത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രനും കുടുംബവും കൃഷിക്ക് തുടക്കം കുറിച്ചു. ഭാര്യയ്ക്കും കൊച്ചുമകനുമൊപ്പം ഫലവൃക്ഷത്തൈകളും പച്ചക്കറി തൈകളും നട്ടു കൊണ്ടാണ് പദ്ധതിക്ക് തുടക്കമിട്ടത്.ഉള്ളൂർ കൃഷിഭവനാണ് സാങ്കേതിക സഹായം നൽകുന്നത്. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ജൈവഗ്രാമം നഴ്സറിയിൽ നിന്നുമാണ് തൈകൾ എത്തിച്ചത്. മന്ത്രിയോടൊപ്പം കോർപ്പറേഷൻ മേയർ കെ.ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു , നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ബിജു, പ്രിൻസിപ്പൽ കൃഷി ഓഫീസർ രാജേന്ദ്രലാൽ എന്നിവർ പങ്കെടുത്തു.