കല്ലൂർ: പാൽ വണ്ടിക്ക് മുന്നിൽ അശ്രദ്ധയായി ബൈക്ക് ഓടിച്ച് വന്നത് ചോദ്യം ചെയ്തതിന് വീട്ടുകാരെ ഗുണ്ടാസംഘം ആക്രമിച്ചു. സി.പി.എം പ്രവർത്തകനടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. സി.പി.എം പ്രവർത്തകൻ കളരിയ്ക്കൽ അമൽകൃഷ്ണ, സഹോദരൻ ജൽജിത്, ഇവരുടെ അമ്മ ഏലമ്മ എന്നിവർക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കല്ലൂർ സ്വദേശി അറയ്ക്കൽ സോജനെതിരെ പുതുക്കാട് പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പാൽ വിതരണക്കാരനായ അമൽ കൃഷ്ണ വീടിന് മുന്നിലെത്തിയപ്പോൾ പാൽ വണ്ടിക്ക് മുന്നിൽ അമിത ശബ്ദത്തിൽ ബൈക്ക് ഓടിച്ച് വരികയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ സമീപത്ത് ഉണ്ടായിരുന്ന സോജന്റെ സുഹൃത്തുകളുമെത്തി. തർക്കമായതോടെ ബഹളം കേട്ട് അമൽ കൃഷ്ണയുടെ അമ്മയും സഹോദരനുമെത്തി. തർക്കത്തിനിടയിൽ അവിടെ നിന്ന് പോയ സോജനും സംഘവും അർദ്ധരാത്രി ഒരു സംഘം ഗുണ്ടകളുമായെത്തി വീട് കയറി ആക്രമിക്കുകയായിരുന്നു. വടിവാള് കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം വടി കൊണ്ട് വീട്ടുകാരെ മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ മൂന്ന് പേരും സോജനും ഭാര്യയും ആശുപത്രിയിൽ ചികിത്സ തേടി.