തിരുവനന്തപുരം: കണ്ണിമചിമ്മാതെ നോക്കിയില്ലെങ്കിൽ എല്ലാം പൊട്ടിത്തകർന്നുപോകുന്ന തരത്തിലേക്ക് സംസ്ഥാനത്തിന്റെ സമ്പദ് ഘടനമാറിയിട്ട് കാലമേറെയായി.ധനമന്ത്രിയായി ചുമതലയേറ്റ ഡോ.ടി.എം.തോമസ് ഐസക്ക് 2016ൽ അധികാരമേറ്റെടുക്കുമ്പോൾ കടംകയറി മുടിഞ്ഞ തറവാടിന്റെ പത്തായപ്പുരപോലെയായിരുന്നു സംസ്ഥാന ഖജനാവ്.മന്ത്രി ആദ്യം ചെയ്തത് ഇൗ അവസ്ഥ ധവളപത്രമായി ജനങ്ങളെ അറിയിക്കുകയായിരുന്നു.
കിഫ്ബി എന്ന മാന്ത്രികപെട്ടി
ഒന്നുമില്ലായ്മയിൽ നിന്ന് തുടങ്ങി കടംവാങ്ങി കാര്യങ്ങൾ നടത്തി മുന്നോട്ട് പോകുന്നതിനിടെ അദ്ദേഹം രണ്ടുകാര്യങ്ങൾ ഭംഗിയായി നിറവേറ്റി. അതിലൊന്ന് കിഫ്ബി എന്ന മാന്ത്രികപ്പെട്ടി തുറന്ന് സംസ്ഥാനത്തെ അടിസ്ഥാനസൗകര്യവികസന ആവശ്യങ്ങൾ ഭംഗിയായി നിറവേറ്റാൻ സംവിധാനമൊരുക്കിയതാണ്.46.85 ലക്ഷം പേർക്ക് സാമൂഹ്യക്ഷേമ പെൻഷൻ നാലുവർഷവും മുടങ്ങാതെ കൊടുത്തതാണ് രണ്ടാമത്തേത്.
ആദ്യവർഷം ഒാഖി ചുഴലിക്കാറ്റും രണ്ടാംവർഷം നിപ്പയും മൂന്നാംവർഷം മഹാപ്രളയവും,നാലാംവർഷം മഴദുരിതവും കൊവിഡും സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ തകർത്തെറിഞ്ഞു.വരുമാനം കുത്തനെ ഇടിഞ്ഞു. ഇതിനിടയിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന നോട്ട്പിൻവലിക്കലും മുന്നൊരുക്കങ്ങളില്ലാത്ത ജി.എസ്. ടി.യും കൂനിൻമേൽ കുരുപോലെയായി.എന്നിട്ടും ജനജീവിതം ദു:സഹമാക്കാതെ അവർക്കൊപ്പം നിൽക്കാൻ സർക്കാരിനായത് കാര്യശേഷിയോടെയുള്ള ധനകാര്യമാനേജ്മെന്റ് കൊണ്ടാണെന്ന് പറയാം.സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം ദേശീയനിരക്കിലും മേലെയായിരുന്നു. 7.2ൽ നിന്ന് 7.5ആയി വളർന്നു.പ്രകടനപത്രികയിലെ വാഗ്ദാനം പാലിച്ച് കേരളബാങ്കും യാഥാർത്ഥ്യമാക്കി.
100 രൂപ വരവിൽ 124 ചെലവ്
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാകാൻ തുടങ്ങിയിട്ട് രണ്ടുപതിറ്റാണ്ടായി. കടംവാങ്ങി എത്ര മുന്നോട്ടുപോകുമെന്ന ആശങ്ക മാറിവരുന്ന എല്ലാസർക്കാരുകൾക്കുമുണ്ട്. വായ്പാപരിധി ആഭ്യന്തര ഉൽപാദനത്തിന്റെ മൂന്ന് ശതമാനത്തിൽനിന്ന് അഞ്ച് ശതമാനമാക്കി ഉയർത്തിയത് സംസ്ഥാനത്തിന് ആശ്വാസമാണ്. എന്നാലും വാങ്ങിക്കൂട്ടുന്ന കടമെല്ലാം എങ്ങിനെ തിരിച്ചടയ്ക്കുമെന്ന ആശങ്ക ഇപ്പോഴുമുണ്ട്. ചെലവുചുരുക്കണമെന്ന മുറവിളി ഉയരാൻതുടങ്ങിയിട്ടും കാലമേറെയായി.ഇൗ സർക്കാർ അധികാരമേൽക്കുമ്പോൾ 100 രൂപ വരവിൽ 103 രൂപയായിരുന്നു ചെലവ്. എന്നാലിപ്പോഴത് 100 രൂപ വരവിൽ 124 രൂപയാണ് ചെലവ് എന്ന തരത്തിലായി.ശമ്പളചെലവ് വരുമാനത്തിന്റെ 36 ശതമാനത്തിൽ നിന്ന് 48 ശതമാനവും പെൻഷൻ ചെലവ് 20 ൽ നിന്ന് 31 ശതമാനമായും കൂടി. കടംവാങ്ങിയതിന്റെ തിരിച്ചടവിനായി വരുമാനത്തിന്റെ 22 ശതമാനം ചെലവാക്കിയിരുന്നിടത്ത് ഇപ്പോൾ 31 ശതമാനമായി കൂടി. ഇതിൽ നിന്ന് ഒരുമാറ്റമുണ്ടാക്കാൻ കഴിയുമോ എന്നാണ് സർക്കാരിന്റെ അവസാന വർഷം കാത്തിരിക്കുന്ന അത്ഭുതം.
സംസ്ഥാനത്തിന്റെ പൊതുകടം
2015-16 -157370.33
2016-17 - 186453.86
2017-18 - 210762.35
2018-19 - 235631.50
2019-20 - 264459.29
(തുക കോടിയിൽ)
സംസ്ഥാനത്തിന്റെ ചെലവും വരവും തമ്മിലുള്ള അന്തരം
2015-16 -17818.46
2016-17 - 26448.35
2017-18 - 26837.41
2018-19 - 26958.30
2019-20 - 26290.58
(തുക കോടിയിൽ)
അവസരമാക്കി മുന്നേറും
(ധനമന്ത്രി തോമസ്ഐസക്കിന്റെ അഭിമുഖം)
?വലിയ റവന്യൂ വളർച്ച പ്രതീക്ഷിച്ചിട്ടും നമുക്കത് കൈവരിക്കാൻ കഴിയാതിരുന്നതെന്തുകൊണ്ടാണ്.
അധികാരത്തിലേറുന്നതിന് മൂന്നുവർഷം മുമ്പുള്ള കാലയളവ് ഒഴിച്ചാൽ 12 വർഷം കേരളത്തിൽ നല്ല നികുതി വളർച്ച ഉണ്ടായിരുന്നു. വാറ്റ് നികുതിയിലെ എൻട്രി ടാക്സ് നിലച്ചതോടെയാണ് കേരളത്തിന്റെ നികുതി വരുമാനം ഗണ്യമായി ഇടിഞ്ഞത്. ജി.എസ് .ടി വന്നാൽ ആദ്യത്തെ രണ്ടുമൂന്നുവർഷം കുറച്ചുപ്രശ്നമുണ്ടായാലും കേരളത്തിന് നേട്ടമുണ്ടാക്കാം എന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ കേന്ദ്രം ജി.എസ്. ടി നിരക്ക് കുറച്ചത് പ്രശ്നമായി.
?കടംവാങ്ങിയുള്ള സമ്പദ് വ്യവസ്ഥ പ്രശ്നമാകില്ലേ
=ദേശിയ ശരാശരിയേക്കാൾ കൂടുതലാണ് കേരളത്തിന്റെ പ്രതിശീർഷ വരുമാനം. കടം വാങ്ങുന്നതിൽ കുഴപ്പമില്ല. പരിധിക്കുള്ളിലല്ലേ കടം വാങ്ങാൻ പറ്രൂ. അത് എല്ലാ സംസ്ഥാനങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ട്. കടത്തിന്റെ പലിശയുടെ നിരക്കിനേക്കാൾ സംസ്ഥാനത്തിന്റെ വളർച്ച കൂടിയാൽ പിന്നെ പ്രശ്നമില്ല. കിഫ്ബി വഴിയുള്ള കടമെടുപ്പിന്റെ 70 ശതമാനവും ആസ്തി നിർമ്മാണത്തിനാണ് ഉപയോഗിക്കുന്നത്. വ്യവസായം വളരാൻ പ്രധാനമായും വേണ്ടത് പശ്ചാത്തല വികസനമാണ്. . കിഫ്ബിയില്ലെങ്കിൽ റോഡ് വികസനം നടക്കുമായിരുന്നില്ല. ആരോഗ്യ, വ്യാവസായിക മേഖലകളിലെല്ലാം കാര്യമായ മൂലധനനിക്ഷേപം നടക്കുകയാണ്. വ്യവസായ പാർക്കുകൾക്കായി വൻ നിക്ഷേപം വരുന്നുണ്ട് .
? വ്യവസായത്തിനുകൂലമായ സംസ്ഥാനമായി ഇപ്പോഴും മാറ്രാൻ കഴിഞ്ഞില്ലെന്ന ആക്ഷേപം ഇനിയും മാറിയിട്ടില്ലല്ലോ
=ഈസ് ഒഫ് ഡൂയിങ്ങ് ബിസിനസ്സിൽ കേരളം മുന്നേറുന്നുണ്ട്. അത് ഫലപ്രാപ്തിയിലെത്താൻ കുറച്ച് സമയമെടുക്കും. മൂലധന നിക്ഷേപം വരണമെങ്കിൽ നമ്മുടെ കാഴ്ചപാടുകൾ മാറണം. ഫ്യൂഡൽ കക്ഷികൾ സ്വത്തും ധനവും കൈയാളിയിരുന്ന കാലത്ത് അന്ന് അവരെയെല്ലാം എതിർത്തിരുന്നു. ആ സമീപനം അന്ന് ശരിയായിരുന്നു. ഇന്നതല്ല വേണ്ടത് . ഇപ്പോൾ നമുക്ക് വേണ്ടത് നിക്ഷേപമാണ് . അതിനുള്ള സാഹചര്യം സർക്കാർ ഒരുക്കും.കൊവിഡ് വന്നില്ലെങ്കിൽ ഒരു ഡസനോളം കമ്പനികൾ നിക്ഷേപവുമായി കേരളത്തിൽ വരുമായിരുന്നു. സ്ഥിതിഗതികൾ സാധാരണ നിലയിലായാൽ അവർ വരും.
?കൊവിഡ് പ്രതിസന്ധിയിൽ നിന്ന് എങ്ങനെ പുറത്തുകടക്കാൻ പറ്രും
=കാർഷിക മേഖല, ടൂറിസം തുടങ്ങിയ ഉല്പാദന മേഖല, വ്യാവസായിക ഉല്പാദന മേഖല എന്നിവിടങ്ങളിലെല്ലാം കേരളത്തിന് മുന്നേറാൻ കഴിയും. 15 വർഷം മുമ്പ് പൊതുജനാരോഗ്യ മേഖലയെ ആശ്രയിച്ചിരുന്നവർ കേവലം 28ശതമാനമായിരുന്നെങ്കിൽ ഇപ്പോഴത് 48 ശതമാനമായി ഉയർന്നിരിക്കുന്നു. ആരോഗ്യ പരിപാലന മേഖലയിലെ നേട്ടം ആരോഗ്യരംഗത്തെ മുന്നേറ്രത്തിന് സഹായകരമാവും.
?കൊവിഡ് എങ്ങിനെ നേട്ടമാക്കി മാറ്റും
=കൊവിഡ് കാലത്തെ പ്രവർത്തനം കേരളം ഒരു സുരക്ഷിത കേന്ദ്രമാണെന്ന ധാരണ വന്നിട്ടുണ്ട്. ടൂറിസം രംഗത്തുൾപ്പെടെ നമുക്കിത് പ്രയോജനപ്പെടുത്താൻ പറ്റും. ആരോഗ്യ മേഖലയിൽ പ്രത്യേകിച്ച് ആയുർവേദ ചികിത്സാ രംഗത്തേക്ക് വിദേശികളെ ആകർഷിക്കാൻ നമുക്ക് കഴിയും
കേരളബാങ്ക് വികസനത്തിന്റെ കേന്ദ്രമാകും
(സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനുമായുള്ള അഭിമുഖം)
?സഹകരണ മേഖലയിൽ നാലുവർഷത്തിനിടെയുണ്ടായ നേട്ടങ്ങൾ
=ഹൃസ്വകാല വായ്പാ സംഘങ്ങളെ ത്രിതല സംവിധാനത്തിൽ നിന്നും ദ്വിതല സംവിധാനത്തിലേക്ക് മാറ്റി,കേരളബാങ്ക് രൂപീകരിച്ചത് വലിയ നേട്ടമാണ് ഉണ്ടായത്.പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനകളിലൊന്നായിരുന്നു ഇത് . കേരളബാങ്ക് ഇപ്പോൾ സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കാണ്.
ഇന്ത്യയിൽ ആദ്യമായി ട്രാൻസ്ജെൻഡേഴ്സിന് സഹകരണ സംഘം രൂപീകരിച്ചു.
?പൂർത്തീകരിക്കാനാവാത്ത ലക്ഷ്യങ്ങളുണ്ടോ
=കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുൻപ് ഇടതുപക്ഷ ജനാധിപത്യമുന്നണി ഒരു പ്രകടപത്രിക ജനങ്ങൾക്ക് മുന്നിൽ വച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതനുസരിച്ചുള്ള പദ്ധതികളാണ് നടപ്പാക്കിവരുന്നത്. അതിൽ ഏറിയ കൂറും നടപ്പാക്കിയിട്ടുണ്ട് .
?കേരളബാങ്കിന്റെ നിലവിലെ പ്രവർത്തനം എങ്ങനെ വിലയിരുത്തുന്നു
=കേരളബാങ്ക് രൂപീകരണം ഈ രംഗത്തെ പലരുടെയും സ്വപ്നമായിരുന്നു. കേരളത്തിന്റെ സാമ്പത്തികസ്ഥിതിയിൽ വൻ മാറ്റം കൊണ്ടുവരാൻ ഇതിലൂടെ സാധിച്ചിട്ടുണ്ട്. ദേശസാത്കൃത ബാങ്കുകൾ വഴി നിലവിൽ എത്തികൊണ്ടിരിക്കുന്ന വിദേശപണം കേരളബാങ്കിലൂടെ എത്തുമ്പോൾ ആ തുക മുഴുവൻ സംസ്ഥാനത്തിന്റെ വികസനത്തിന് മുതൽക്കൂട്ടാകുമെന്നതാണ് ഇതിന്റെ വലിയ പ്രത്യേകത. വിദേശ മലയാളികൾ സംസ്ഥാനത്തേക്ക് അയക്കുന്ന പണം സ്വീകരിക്കുന്നതിനുള്ള ലൈസൻസ് കേരളബാങ്കിന് താമസിയാതെ ലഭിക്കുന്നതോടെ വലിയ മാറ്റം സാമ്പത്തിക രംഗത്തുണ്ടാകും.
?സർക്കാരിന്റെ അഞ്ചാമത്തെ വർഷത്തിൽ ചെയ്യാനുദ്ദേശിക്കുന്ന പദ്ധതികൾ
=ഇതുവരെ നടപ്പാക്കിയ പദ്ധതികളുടെ പൂർത്തീകരണമാണ് അവസാന വർഷത്തിൽ ചെയ്യാൻ ഉദ്ദേശിക്കുന്നത്. നടപ്പാക്കി തുടങ്ങിയ കാര്യങ്ങൾ സമഗ്രതയോടെ മുന്നോട്ടു കൊണ്ടു പോകും.