തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം കൂടുന്നത് ജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്നു. കേസുകളുടെ എണ്ണം കൂടിയാലും ചിട്ടയായ പ്രവർത്തനങ്ങളിലൂടെ സ്ഥിതി നിയന്ത്രണവിധേയമായി കൊണ്ടുപോകാം എന്ന കണക്കുകൂട്ടലിലാണ് സംസ്ഥാനസർക്കാർ. വ്യാപനം നിയന്ത്രിക്കുന്നതിനൊപ്പം ഗുരുതരാവസ്ഥയിലുളളവരുടെ എണ്ണം കുറയ്ക്കാനും കഴിഞ്ഞാൽ ഈ ഘട്ടവും ഭീഷണിയാകില്ലെന്നാണ് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നത്.
സമ്പർക്കത്തിലൂടെയുളള രോഗവ്യാപനം നിയന്ത്രിക്കുന്നതാണ് സർക്കാർ നേരിടുന്ന പ്രധാന വെല്ലുവിളി. ആരോഗ്യപ്രവർത്തകരടക്കം സമ്പർക്കത്തിലൂടെ രോഗബാധിതരാകുന്നത് മോശം സൂചനയാണെന്ന് വിദഗ്‌ധർ പറയുന്നു. എന്നാൽ രോഗികളുടെ എണ്ണത്തേക്കാൾ ഗുരുതരാവസ്ഥയിലാകുന്നരുടെ എണ്ണമാണ് പ്രസക്തമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്.
വിവിധ രാജ്യങ്ങളിൽ നിന്നായി രണ്ടേകാൽ ലക്ഷത്തോളം പേർ തിരിച്ചെത്തിയ ഘട്ടത്തിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത കേസുകൾ 510 ആണ്. പ്രവാസികളുടെ രണ്ടാംഘട്ട തിരിച്ചുവരവ് തുടങ്ങിയ മെയ് 7 മുതൽ പുറത്ത് നിന്ന് ഇതുവരെ എത്തിയത് 93,404 പേരണ്. ഈ ഘട്ടത്തിൽ രോഗികളായ 322 പേരിൽ 298 പേരും വിദേശത്ത് നിന്ന് എത്തിയവരാണ്. പരമാവധി ആറ് ലക്ഷം പേരാണ് ഈ ഘട്ടത്തിൽ തിരിച്ചുവരുമെന്ന് സംസ്ഥാന സർക്കാർ കണക്കാക്കുന്നത്.
ആദ്യഘട്ടത്തിൽ നിന്നും വ്യത്യസ്തമായി രോഗം വ്യാപിച്ച ഇടങ്ങളിൽ നിന്ന് എത്തുന്നവരായതിനാൽ ഇവരിൽ നിന്നുളള രോഗികളുടെ എണ്ണവും കൂടും. തിരിച്ചെത്തുന്നവരിൽ പതിനായിരത്തിൽ താഴെ രോഗികളുണ്ടാകാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.