പാലക്കാട്: കൊവിഡ് വ്യാപനത്തെ തുടർന്ന് പാലക്കാട് പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് മുതൽ നിലവിൽ വന്നു .എസ്.എസ്.എൽ.സി,ഹയർസെക്കൻഡറി പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടക്കുമെങ്കിലും ലോക്ക് ഡൗണ്‍ ഇളവുകളുടെ മറവിൽ ആളുകൾ സംഘം ചേരുന്നതിന് വിലക്കുണ്ട്. കഴിഞ്ഞദിവസം ഉത്തരവിറങ്ങിയെങ്കിലും ഇന്ന് മുതലാണ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരിക.
നാലാളുകളിൽ കൂടുതൽ പൊതുസ്ഥലത്ത് സംഘം ചേരരുത്. ലോക്ക് ഡൗൺ ഇളവിൽ തുറന്നു പ്രവർത്തിച്ച കടകൾക്കും സ്ഥാപനങ്ങൾക്കും അത് തുടരാം. പക്ഷേ, ആളുകളുടെ എണ്ണം കൂടരുത്. സാമൂഹിക അകലം പാലിക്കണം. വ്യാപാര സ്ഥാപനങ്ങളിൽ കൂടുതൽ പരിശോധന സംവിധാനങ്ങൾ ഒരുക്കും. നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കട അടച്ചുപൂട്ടുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. എട്ട് ഹോട് സ്പോട്ടുകളാണ് നിലവിൽ ജില്ലയിലുളളത്. കരുതൽ മേഖലയിലേക്കുളള ഗതാഗതം അവശ്യസേവനങ്ങൾക്ക് മാത്രമേ ഉപയോഗപ്പെടുത്താൻ പാടുള്ളൂ. വാളയാർ അതിർത്തി വഴി റെഡ്സോൺ മേഖലയിൽ നിന്നുൾപ്പെടെ ദിവസവും ശരാശരി രണ്ടായിരത്തിനോടടുത്ത് ആളുകളാണ് കടന്നുവരുന്നത്. നിലവിൽ സായുധ പൊലീസും ആരോഗ്യപ്രവർത്തരും അതിർത്തിയിലുണ്ട്. ആവശ്യമെങ്കിൽ ഇവരുടെ എണ്ണം കൂട്ടാനും ആലോചനയുണ്ട്. ഈ മാസം 31വരെയാണ് ജില്ലയിൽ നിരോധനാജ്ഞ നടപ്പാക്കിയിരിക്കുന്നത്. കൊവിഡ് മുക്തമായതിന് ദിവസങ്ങൾക്ക് ശേഷം വീണ്ടും പാലക്കാട് രോഗവ്യാപനം തീവ്രമാവുന്നത് ജാഗ്രതയോടെയാണ് ആരോഗ്യവകുപ്പ് നോക്കികാണുന്നത്.