malapallippuram-krishi

കല്ലമ്പലം: ലോക്ക് ഡൗൺ കാലത്ത് ജൈവ പച്ചക്കറി കൃഷിയിൽ നൂറു മേനി വിളയിച്ച് പൊതു പ്രവർത്തകൻ മാതൃകയായി. എസ്.എൻ.ഡി.പി തോട്ടക്കാട് ശാഖ സെക്രട്ടറി, കേരളാ സ്റ്റേറ്റ് പെൻഷണേഴ്സ് അസോസിയേഷൻ കരവാരം മണ്ഡലം പ്രസിഡന്റ്, കോൺഗ്രസ് മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്ന വിവേകാനന്ദനാണ് തന്റെ 50 സെന്റ് ഭൂമിയിൽ ജൈവ പച്ചക്കറി കൃഷി ചെയ്തത്. പയർ, പാവൽ, പടവലം, ചീര തുടങ്ങിയവയാണ് പ്രധാന വിളയെങ്കിലും അമര മുതൽ കൂർക്ക വരെ തോട്ടത്തിൽ കൃഷി ചെയ്യുന്നു. വേനൽമഴ വിളകളെ സാരമായി ബാധിച്ചെങ്കിലും ഉത്പാദനം കുറച്ചിട്ടില്ല. പൂർണമായും ജൈവ വളങ്ങൾ ഉപയോഗിച്ചുള്ള തോട്ടം സന്ദർശിക്കാനെത്തുന്നവർക്കും സമൂഹത്തിലെ പാവങ്ങൾക്കും വിവേകാനന്ദൻ പച്ചക്കറികൾ സൗജന്യമായി നൽകുന്നുണ്ട്. കൃഷിയിൽ സഹായവുമായി ഭാര്യയും മക്കളും ഒപ്പം തന്നെയുണ്ട്.