വാഷിംഗ്‌ടണ്‍: ബ്രസീലില്‍ കൊവിഡ് വ്യാപനം വർദ്ധിക്കുന്ന പശ്ചാത്തലത്തില്‍ ബ്രസീലില്‍ നിന്ന് അമേരിക്കയിലേക്കുള്ള യാത്രകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന വിദേശ പൗരന്മാര്‍ അമേരിക്കയില്‍ പ്രവേശിക്കുന്നതിന് മുന്നുള്ള 14 ദിവസങ്ങളില്‍ ബ്രസീലില്‍ ഉണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് പ്രവേശനാനുമതി നിഷേധിക്കുന്നതാണ് പുതിയ നിയമം. എന്നാല്‍ വ്യാപാരത്തെ പുതിയ നിയമം ബാധിക്കില്ലെന്ന് വൈറ്റ് ഹൗസ് സെക്രട്ടറി കെയ്‌ലി മക്ഇനാനി അറിയിച്ചു.
ചൈന, ഇറാന്‍, ബ്രിട്ടണ്‍, അയര്‍ലന്‍ഡ്, യൂറോപ്യന്‍ യൂണിയനിലെ ഷെങ്കന്‍ സോണ്‍ എന്നിവയുള്‍പ്പെടെ കൊവിഡ് ബാധിച്ച മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള യാത്ര താത്ക്കാലികമായി നിര്‍ത്തിവച്ച നടപടികള്‍ക്ക് സമാനമാണ് ഈ തീരുമാനമെന്നും ബ്രസീലിന് മാത്രമായല്ലെന്നുമാണ് ബ്രസീല്‍ വിദേശകാര്യമന്ത്രാലയം ഇതിനോട് പ്രതികരിച്ചത്.
ബ്രസീലില്‍ കഴിയുന്ന വിദേശപൗരന്മാര്‍ അമേരിക്കയില്‍ അധിക വൈറസ് വ്യാപനത്തിന് കാരണമാകുന്നില്ലെന്ന് ഉറപ്പിക്കാന്‍ പുതിയ നടപടി സഹായിക്കുമെന്ന് കെയ്‌ലി കൂട്ടിച്ചേര്‍ത്തു. കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനം ബ്രസീലിനാണ്. ബ്രസീലില്‍ ഇതുവരെ 3,63,211 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 22,666 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചിരുന്നു.