തിരുവനന്തപുരം : വെഞ്ഞാറമൂട്ടിൽ അബ്കാരി കേസിൽ റിമാൻഡിലായ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ച സംഭവത്തിൽ ഇയാളുടെ റൂട്ട് മാപ്പ് ഇന്ന് ആരോഗ്യവകുപ്പ് പുറത്തുവിടും. മെഡിക്കൽ കോളേജിലെ കൊവിഡ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇയാളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ വെളിപ്പെടുത്തി. രാവിലെ വീട്ടിൽ നിന്നും പുറത്തുപോകുന്ന ഇയാൾ രാത്രിയിൽ ഉറങ്ങാൻ മാത്രമാണ് വീട്ടിലെത്താറുളളത്. മദ്യവുമായി പിടിയിലാകുന്നതിന് മുമ്പ് ഇയാൾ നാട്ടിലും പുറത്തും ധാരാളം പേരുമായി ഇടപെട്ടിട്ടുണ്ട്.
മദ്യപസ്വഭാവക്കാരനായ ഇയാൾ നാട്ടിൽ മദ്യംകിട്ടാതായതോടെ മദ്യം വാങ്ങാനായി തമിഴ്നാട്ടിൽ പോയതായി പറയപ്പെടുന്നു.മദ്യം വാങ്ങാനുള്ള യാത്രയ്ക്കിടെ തമിഴ്നാട്ടിലെ സമ്പർക്കത്തിൽ നിന്നാകാം ഇയാൾക്ക് രോഗബാധയുണ്ടായതെന്നാണ് ഇപ്പോഴത്തെ നിഗമനം. തമിഴ്നാട്ടിൽ എവിടെയാണ് മദ്യം വാങ്ങാൻ പോയതെന്നും മടങ്ങിവരുന്നതിനിടെ ആരുമായൊക്കെ സമ്പർക്കം പുലർത്തിയെന്നുമുൾപ്പെടെയുള്ള കാര്യങ്ങളാണ് ഇനി വ്യക്തമാകാനുള്ളത്. മദ്യപിച്ച് വാഹനം ഓടിക്കുന്നതിനിടെ കഴിഞ്ഞ ദിവസം വെഞ്ഞാറമൂട് പാറയ്ക്കൽ മൂളയത്ത് ഇയാളോടിച്ചിരുന്ന കാർ ഒരുപൊലീസുകാരന്റെ വാഹനത്തിൽ ഇടിക്കുകയും തുടർന്ന് ടയർ ഊരി നിയന്ത്രണം നഷ്ടപ്പെട്ട കാർ ഒരു കിലോമീറ്റർ ഓടിയശേഷം റോഡരികിലെ വിമുക്തഭടന്റെ വീട്ടിലേക്ക് ഇടിച്ചുകയറുകയും ചെയ്തതോടെ ഇവർ പൊലീസിന്റെ പിടിയിലായത്.
കാറിൽ നിന്ന് പുറത്തിറങ്ങാനാകാത്ത വിധം മദ്യലഹരിയിലായിരുന്ന ഇവരെ പൊലീസെത്തിയാണ് കാറിൽ നിന്ന് പുറത്തിറക്കിയത്. കാറിനുള്ളിൽ നിന്ന് മദ്യംകണ്ടെത്തിയതോടെ റിമാന്റിലായ പ്രതികൾക്ക് ജയിലിൽ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കാർ അപകടത്തിൽപ്പെട്ട സമയത്തും പൊലീസ് പിടിയിലായപ്പോഴും ഇവരുമായി അടുത്തിടപഴകിയവരുൾപ്പെടെ അമ്പതോളം പേരെ സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിച്ച സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളിലൂടെ തിരിച്ചറിഞ്ഞ് ആരോഗ്യ പ്രവർത്തകർ ക്വാറന്റൈനിലാക്കി. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറും മുഴുവൻ പൊലീസുകാരും നിരീക്ഷണത്തിലാണ്.
ജയിലിൽ ഇയാളൊടൊപ്പം കഴിഞ്ഞ രണ്ട് തടവുകാരോടും ഇയാൾ കഴിഞ്ഞ സെല്ലുകളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരോടും ക്വാറന്റൈൻ പാലിക്കാൻ നിർദേശിച്ചിട്ടുണ്ട്.മുൻകരുതൽ നടപടിയുടെ ഭാഗമായി ആരോഗ്യ പ്രവർത്തകർ പാറയ്ക്കൽ, മൂളയം, താമരഭാഗം പ്രദേശത്തെ വീടുകൾ സന്ദർശിച്ച് ജാഗ്രതാ നിർദേശം നൽകി. ഇവിടങ്ങളിൽ നിന്നുള്ള പലരും കഴിഞ്ഞ ദിവസങ്ങളിൽ മാണിക്കൽ പഞ്ചായത്തിൽ വന്നുപോയതായ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫ്രണ്ട് ഓഫീസുൾപ്പെടെ പഞ്ചായത്തിൽ അണുനശീകരണം നടത്തി. ഫ്രണ്ട് ഓഫീസ് രണ്ട് ദിവസത്തേക്ക് അടച്ചതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
കൊവിഡ് സ്ഥിരീകരിച്ചയാളുമായി ചില ടിപ്പർ ലോറി ഡ്രൈവർമാർക്ക് അടുത്ത സമ്പർക്കമുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തെ ക്രഷർ യൂണിറ്റുകളും താൽക്കാലികമായി അടച്ചതായി പഞ്ചായത്ത് അറിയിച്ചു. സുഭിക്ഷകേരളം പദ്ധതിയുടെ നടീൽ ഉദ്ഘാടനവും ഹോമിയോ മെഡിക്കൽ ക്യാമ്പുമുൾപ്പെടെ ഇന്ന് നടക്കാനിരുന്ന പരിപാടികളും മാറ്രിയിട്ടുണ്ട്. രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പാറയ്ക്കൽ, മൂളയം, താമരഭാഗം പ്രദേശത്തും മദ്യവുമായി പൊലീസ് പിടിയിലായ കാറും ഫയർഫോഴ്സ് സഹായത്തോടെ അണുനശീകരണം നടത്താനുള്ള നടപടികളും ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. പോത്തൻകോട് റിട്ട.എ.എസ്.ഐ കൊവിഡ് ബാധിച്ച് മരിച്ചതിന് ശേഷം വെഞ്ഞാറമൂട്ടിലുണ്ടായ കൊവിഡ് ബാധ നാട്ടുകാരെ ഭീതിയിലാക്കിയിരിക്കുകയാണ്.