exam

തിരുവനന്തപുരം: നാളെ തുടങ്ങുന്ന എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകളുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. രാവിലെ ഹയർസെക്കൻഡറി പരീക്ഷയും ഉച്ചയ്ക്ക് എസ്.എസ്.എൽ.സിയുമാണ്. ഐ.ആർ. തെർമോ മീറ്റർ വച്ച് കുട്ടികളെ പരിശോധിച്ച് പനിയുണ്ടോ എന്ന് ഉറപ്പാക്കിയശേഷമാണ് ഹാളിനകത്തേക്ക് കയറ്റി വിടുക. പനിയുള്ളവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ല. മാസ്ക് ധരിച്ചുവേണം പരീക്ഷ എഴുതേണ്ടത്.

വീട്ടിൽ നിന്ന് മാസ്ക് ധരിച്ചുവേണം പരീക്ഷാ ഹാളുകളിൽ എത്തേണ്ടത്. നിശ്ചിത സമയം കഴിഞ്ഞെത്തുന്നവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ല. പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് സേ പരീക്ഷ എഴുതാൻ അവസരമുണ്ടാവും.

അദ്ധ്യാപകരും മാസ്ക് ധരിച്ചിരിക്കണം. ഐ.ആർ. തെർമോ മീറ്റർ ഉൾപ്പെടെ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ നിന്ന് ഇന്ന് വിതരണം ചെയ്യും.

പതിമൂന്ന് ലക്ഷം കുട്ടികളാണ് എസ്.എസ്.എൽ.സിയിലും ഹയർസെക്കൻഡറിയിലുമായി പരീക്ഷ എഴുതുന്നത്. എല്ലാ കുട്ടികൾക്കും മാസ്കുകളും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളടങ്ങിയ ലഘുരേഖകളും വീടുകളിലെത്തിച്ചിട്ടുണ്ട്. കിട്ടാത്തവർക്ക് ഇന്ന് എത്തിക്കും.

അദ്ധ്യാപകരും രക്ഷിതാക്കളും സന്നദ്ധപ്രവർത്തകരും നിർമ്മിച്ചതാണ് മാസ്കുകൾ. കുടുംബശ്രീ പ്രവർത്തകരും ആശാവർക്കർമാരും കൊവിഡ് പ്രതിരോധസമിതി വോളണ്ടിയർമാരുമാണ് ഇവ വീടുകളിൽ എത്തിക്കുന്നത്. ഓരോ കുട്ടിയും പരീക്ഷാ കേന്ദ്രത്തിൽ പാലിക്കേണ്ട ചിട്ടകൾ മാർഗരേഖയിലുണ്ട്. അതനുസരിച്ച് വേണം പരീക്ഷ എഴുതാൻ.

പരീക്ഷാ കേന്ദ്രങ്ങളിൽ എസ്.എസ്.കെയുടെ പ്രവർത്തകരെ സന്നദ്ധപ്രവർത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്. കുട്ടികൾ മാസ്ക് കൊണ്ടുവരാൻ മറന്നുപോയാൽ ഇവർ പകരം മാസ്ക് നൽകും. പരീക്ഷ എഴുതുന്നതും ഹാളിൽ എത്തുന്നതുമായ കുട്ടികൾ സാമൂഹിക അകലം പാലുക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തും. സാനിറ്റൈസർ, സോപ്പ് എന്നിവ ഉപയോഗിച്ച് കുട്ടികളും അദ്ധ്യാപകരും കൈകൾ കഴുകി വൃത്തിയാക്കണം. ഇതും എസ്.എസ്.കെ പ്രവർത്തകർ ഒരുക്കും.

കുട്ടികളെ തെർമൽ സ്കാനിംഗ് നടത്തുന്നതും ഇവരാണ്. പരീക്ഷാ ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട്, ഇൻവിജിലേറ്റർമാർ എന്നിവർക്ക് കൊവിഡ് പ്രതിരോധ ക്ളാസുകൾ സമഗ്രശിക്ഷാ അഭിയാന്റെ നേതൃത്വത്തിൽ നൽകിയിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ തീർത്തും ശക്തമായ കൊവിഡ് പ്രതിരോധത്തോടെയാണ് പരീക്ഷ നടക്കുക. ഇന്ന് പരീക്ഷാ ഹാളുകൾ മുഴുവൻ അണുമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കും.