minnal-murali

എറണാകുളം: കാലടിയിൽ സിനിമാ സെറ്റ് അക്രമിച്ച സംഭവത്തിൽ അക്രമി സംഘമെത്തിയതെന്ന് കരുതുന്ന വാഹനങ്ങൾ തിരിച്ചറിഞ്ഞു. കണ്ടാലറിയാവുന്ന അക്രമി സംഘത്തിനെതിരെ കേസെടുത്തതായി പെരുമ്പാവൂർ പൊലീസ് അറിയിച്ചു. അന്വേഷണം ശക്തമാക്കിയതായും ഇവരെ ഉടൻ പിടികൂടുമെന്നും പെരുമ്പാവൂർ സി.ഐ വെളിപ്പെടുത്തി. ബേസിൽ ജോസഫ് -ടോവിനോ ടീമിന്റെ മിന്നൽ മുരളിയെന്ന സിനിമയുടെ സെറ്റിലാണ് ഒരു സംഘം അക്രമം നടത്തിയത്.

കഴിഞ്ഞ ദിവസമാണ് ശിവരാത്രി മണപ്പുറത്ത് ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച സെറ്റ് അക്രമിക്കപ്പെട്ടത്. ക്ഷേത്രം അധികൃതരുടെ സമ്മതത്തോടെ മാർച്ചിലാണ് ഇവിടെ സെറ്റ് നിർമ്മിച്ചത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് ഷൂട്ടിംഗ് നിലച്ചതോടെ ക്ളൈമാക്സ് രംഗങ്ങൾ പൂർത്തീകരിക്കാനാണ് ക്രിസ്ത്യൻ പള്ളിയുടെ മാതൃകയിലുള്ള സെറ്റ് ഇവിടെ നിലനിർത്തിയിരുന്നത്. ക്ഷേത്രത്തിന് മുന്നിൽ പള്ളിയുടെ സെറ്റ് സ്ഥാപിച്ചതിനെതിരെ വിദ്വേഷപ്രചാരണവുമായി വർഗീയ സംഘടനകൾ തുടക്കത്തിൽ തന്നെ രംഗത്തുവന്നിരുന്നു. എന്നാൽ കഴിഞ്ഞദിവസമാണ് സെറ്റ് അക്രമിക്കപ്പെട്ടത്.

സെറ്റ് അക്രമിച്ചതിനെതിരെ ക്ഷേത്ര ഭാരവാഹികളാണ് ആദ്യം പൊലീസിൽ പരാതി നൽകിയത്. പിന്നീട് സിനിമയുടെ പ്രൊഡ്യൂസറും പരാതി നൽകി. പരാതികളിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്ഷേത്ര പരിസരത്തെ സിസി ടിവി കാമറകളിൽ നിന്നാണ് അക്രമികളെപ്പറ്റിയുള്ള സൂചനകൾ ലഭിച്ചത്. ഇവരെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും പെരുമ്പാവൂർ‌ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. സെറ്റ് അക്രമിച്ചതുമായി ബന്ധപ്പെട്ട് ബംജ്റംഗദൾ പ്രവർത്തകരെന്ന് അവകാശപ്പെട്ട് ഫേസ് ബുക്ക് പ്രചരണം നടത്തിയതിനെപ്പറ്റിയും അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

എ.എച്ച്.പി ജനറൽ സെക്രട്ടറി എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഹരി പാലോടാണ് ഇക്കാര്യം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. ക്രിസ്ത്യൻ പള്ളിയുടെ സെറ്റ് ക്ഷേത്രത്തിനടുത്താണെന്ന് പറഞ്ഞാണ് പൊളിക്കൽ നടന്നത്.' യാചിച്ച് ശിലമില്ല, പൊളിച്ചുകളയാൻ തീരുമാനിച്ചു' എന്ന തരത്തിൽ പ്രകോപനപരമായ വാചകങ്ങളടങ്ങിയതാണ് ഫേസ്‌ബുക്ക് പോസ്റ്റ്.സംഭവം ദൗർഭാഗ്യകരമെന്ന് നിർമ്മാതാക്കളുടെ സംഘടന പ്രതികരിച്ചു.നിർമ്മാതാക്കളുടെ സംഘടനയുമായി ആലോചിച്ച് കൂടുതൽ നടപടികളെടുക്കുമെന്ന് സിനിമ നിർമ്മാതാവും പ്രതികരിച്ചു.