മൊഹാലി: ഇന്ത്യയുടെ ഹോക്കി ഇതിഹാസം ബൽബീർ സിംഗ് സീനിയർ അന്തരിച്ചു. 96 വയസായിരുന്നു. ഇന്നുപുലർച്ചെ മൊഹാലിയിലെ ആശുപത്രിയിലായായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു.
കടുത്ത ന്യുമോണിയബാധയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടാഴ്ചയിലേറെയായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിറുത്തിയിരുന്നത്. ഇതിനിടെ രണ്ടു തവണ ഹൃദയാഘാതവും കഴിഞ്ഞ ദിവസം തലച്ചോറിൽ രക്തസ്രാവവും ഉണ്ടായി. കൊവിഡ് ടെസ്റ്റിന് വിധേയനായിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നു.
ഇന്ത്യയ്ക്ക് മൂന്ന് ഒളിമ്പിക് സ്വർണം നേടിക്കൊടുത്ത ബൽബീർ സ്വതന്ത്ര ഇന്ത്യ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ഹോക്കി താരമായായിരുന്നു. 1948, 1952 , 1956 എന്നീവർഷത്തെ ഒളിമ്പിക്‌സുകളിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. ഒളിമ്പിക് ഫൈനലിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കോഡും ബൽബീറിന് സ്വന്തമാണ്. 1952 ഹെൽസിങ്കി ഒളിമ്പിക്‌സിന്റെ ഫൈനലിൽ അഞ്ച് ഗോൾ നേടിയാണ് സിംഗ് ഈ റെക്കോർഡിട്ടത്. 1958ൽ ഏഷ്യൻ ഗെയിംസിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന സിംഗ് പിന്നീട് വിരമിച്ച് ടീമിന്റെ പരിശീലകനായി.
1957ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 2015ൽ ധ്യാൻചന്ദ് പുരസ്‌കാരം ലഭിച്ചു.1958ൽ ഡൊമിനിക്കൻ റിപ്പബ്ലിക് മെൽബൺ ഒളിമ്പിക്‌സിന്റെ സ്മരണാർത്ഥം പുറത്തിറക്കിയ തപാൽ സ്റ്റാമ്പിൽ ഗുർദേവ് സിംഗിനൊപ്പം ബൽബീറും ഇടം പിടിച്ചു. ബൽബീർ രണ്ട് ആത്മകഥകൾ രചിച്ചിട്ടുണ്ട് . ദി ഗോൾഡൻ ഹാട്രിക്കും ദി ഗോൾഡൻ യാർഡ്‌സ്റ്റിക്: ദി ക്വസ്റ്റ് ഓഫ് ഹോക്കി എക്‌സലൻസും. ബൽബീൽ അംഗമായ 1948ലെ ഹോക്കി ടീമിന്റെ കഥയാണ് അക്ഷയ് കുമാറിന്റെ ഗോൾഡ് എന്ന ബോളിവുഡ് ചിത്രത്തിന്റെ ഇതിവൃത്തം.
സുശിയാണ് ഭാര്യ. സുഷ്ബിർ, കൻവാൽബിർ, കരൺബിർ, ഗുർബീർ എന്നിവരാണ് മക്കൾ. ഇവരെല്ലാവരും കാനഡയിലെ വാൻകൂവറിലാണ് താമസം. സിംഗുന കനേഡിയൻ പൗരത്വം സ്വീകരിച്ചിരുന്നു.