വാഷിംഗ്ടൺ: കൊവിഡ് ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ചുകൊണ്ട് കുതിക്കുകയാണ്. ലോക്ക് ഡൗണും നിയന്ത്രണങ്ങളുമൊക്കെ പാഴായതുപോലെ രോഗികളുടെ എണ്ണം പെരുകി വരുന്നു. എന്ത് ചെയ്യണമെന്നറിയാതെ ലോകരാഷ്ട്രങ്ങൾ നിൽക്കുകയാണ്. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 54.98 ലക്ഷമായി. 3.46 ലക്ഷത്തിലേറെ പേർ മരിച്ചു. 23 ലക്ഷം പേർക്ക് രോഗം മാറി. 28.5 ലക്ഷത്തോളം പേർ ചികിത്സയിലാണ്.
അമേരിക്കയിൽ 16.86 ലക്ഷത്തോളം പേർക്ക് കൊവിഡ് ബാധിച്ചു. 99,300 പേർ മരിച്ചു. ബ്രസീൽ രോഗബാധിത പട്ടികയിൽ രണ്ടാമതാണ്. 3.63 ലക്ഷം പേർക്കാണ് രോഗം ബാധിച്ചത്. 22,716 പേർ മരിച്ചു. യു.എസിലും ബ്രസീലിലും പുതിയ രോഗ ബാധിതരുടെ എണ്ണം 15,000 ആയി. തെക്കേ അമേരിക്ക വൈറസ് വ്യാപനത്തിന്റെ പുതിയ ഹബ്ബായി മാറിയിരിക്കുകയാണ്. റഷ്യയിൽ 3,541 പേരും സ്‌പെയിൽ 28,752 പേരും ബ്രിട്ടണിൽ 36,793 പേരും മരിച്ചു. അതേസമയം യൂറോപ്യൻ രാജ്യങ്ങളിൽ രോഗബാധിതരുടെ എണ്ണവും മരണനിരക്കും കുറഞ്ഞിട്ടുണ്ട്.
ഇറ്റലിയിൽ 32,785 പേരും ഫ്രാൻസിൽ 28,367 പേരും. ജർമ്മനിയിൽ 8,371 പേരും മരിച്ചു.. തൂർക്കിയിൽ രോഗബാധിത നിരക്ക് കുതിച്ചുയരുകയാണ്. 4340 പേരാണ് ഇവിടെ മരിച്ചത്. ഏറ്റവും കൂടുതൽ രോഗബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ പത്താമതായി. 1,38,536 പേർക്ക് രോഗം ബാധിച്ചു. 4,024 പേർ മരിച്ചു. ഏഷ്യയിൽ ഏറ്റവും കുടുതൽ രോഗബാധിരുള്ള രാജ്യമായി ഇന്ത്യ മാറി. മഹാരാഷ്ട്രയിൽ മാത്രം അരലക്ഷത്തിലേറെ രോഗികളുണ്ട്. 13 ദിവസത്തിനിടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം ഇരട്ടിയായി. നേരത്തെ പതിനൊന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ അതിവേഗമാണ് പത്താം സ്ഥാനത്തെത്തിയത്. ലോക്ക് ഡൗണിന്റെ ആദ്യ രണ്ട് ഘട്ടങ്ങളിൽ രോഗത്തെ തടഞ്ഞുനിറുത്താനായെങ്കിൽ ഇപ്പോൾ കൈവിട്ടു പാേകുന്ന അവസ്ഥയാണ്. മുംബയിൽ മരണ നിരക്കും രോഗബാധിതരും കുതിക്കുകയാണ്. ഗുജറാത്തും തമിഴ്നാടും അന്തം വിട്ട് നിക്കുകയാണ്. അഭിമാനത്തോടെ കൊവിഡ് പ്രവർത്തനം നടത്തി പ്രശംസയാർജിച്ച കേരളത്തിലും രോഗികളുടെ എണ്ണം കൂടി വരികയാണ് ഓരോ ദിവസം കഴിയും തോറും രോഗികൾ കൂടുന്നത് കേരളത്തിന്റെ ആരോഗ്യപ്രവർത്തകരെയും സർക്കാരിനെയും അമ്പരപ്പിക്കുകയാണ്.