pic

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ പേരും വിവരങ്ങളും ചോർന്നു. കേരളത്തിന് പുറത്ത് നിന്നെത്തി കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവനനന്തപുരം മെഡിക്കൽ കോളേജിലും എസ്.എ.ടി ആശുപത്രിയിലും ചികിത്സയിൽ കഴിയുന്നവരുടെ പേരും വിവരങ്ങളുമാണ് ചോർന്നത്.സമൂഹ മാദ്ധ്യമങ്ങളിലൂടെ ഇവരുടെ പേരും വിവരങ്ങളും ചോർന്നതോടെ രോഗികളും ബന്ധുക്കളും ആശങ്കയിലാണ്.

കൊവിഡ് രോഗികളുടെ പേരും വ്യക്തിഗത വിവരങ്ങളും പരമരഹസ്യമായി സൂക്ഷിക്കണമെന്നാണ് കൊവിഡ് പ്രതിരോധത്തിന്റെ പ്രോട്ടോക്കോൾ. അതിന് വിരുദ്ധമായി രോഗികളുടെ പേര്, വയസ് , വിലാസം തുടങ്ങിയ വിവരങ്ങളാണ് ചോർന്നത്. അതിർത്തി ചെക്ക് പോസ്റ്റുകളിൽ നിന്നും റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം എന്നിവിടങ്ങളിൽ നിന്നും നാട്ടിലെത്തി കൊവിഡ് ലക്ഷണങ്ങളെ തുട‌ർന്ന് ചികിത്സയിൽ കഴിയുന്നവരുടെ വിവരങ്ങളാണ് ചോ‌ർന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ രോഗികളുടെ പേരും വിവരങ്ങളും പ്രചരിക്കാൻ തുടങ്ങിയ സംഭവം ആരോഗ്യ വകുപ്പ് അധികൃതരുടെയും പൊലീസിന്റെയും ശ്രദ്ധയിൽപ്പെട്ടതോടെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശാനുസരണം ഇതേപ്പറ്റി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.