-expats

മസ്‌ക്കറ്റ്: കൊവിഡ് നിർദേശങ്ങൾ ലംഘിച്ച് പെരുന്നാൾ ദിനത്തിൽ ഒത്തുകൂടിയ 136 പ്രവാസികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. പെരുന്നാൾ നമസ്‌കാരത്തിനും ആഘോഷത്തിനും ഒത്തുചേരരുതെന്ന് ഒമാൻ കർശനമായി നിർദേശിച്ചിരുന്നു. ഇത് ലംഘിച്ച് ഗാല വ്യവസായ മേഖലയിൽ പെരുന്നാൾ നമസ്ക്കാരത്തിനായി ഒത്തുചേർന്ന 40 പേരും അൽ ഖൂദിലും പെരുന്നാൾ നമസ്‌കാരത്തിന് ഒത്തുചേർന്ന 13 പേരും ദാഖിലിയ ഗവർണറേറ്റിൽ ഒത്തുചേർന്ന 49 പേരുമാണ് അറസ്റ്റിലായത്.

മസ്‌ക്കറ്റിലെ അൽ അൻസാബിൽ ഞായറാഴ്ച വൈകുന്നേരം ക്രിക്കറ്റ് കളിക്കാനിറങ്ങിയ 34 പേരെയും അറസ്റ്റിലായി. ഇതിന് പുറമേ മാസ്ക്ക് ധരിക്കാത്തവർക്കെതിരെയും വിവിധ സ്ഥലങ്ങളിൽ നടപടികൾ സ്വീകരിച്ചു. മസ്ക്കറ്റിൽ റംസാൻ ദിനത്തിൽ 563 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇത്രയും രോഗബാധിതർ ഒറ്റദിവസം ഉണ്ടായിട്ടില്ല. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 7770 ആയി.