cm

തിരുവനന്തപുരം: വിഷമകരമായ സാഹചര്യമുണ്ടെങ്കിൽ പോലും നാല് വർഷത്തെ ഭരണം അഭിമാനകരമായാണ് സർക്കാർ പൂർത്തിയാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശരാശരി 39 പേരാണ് ദിവസവും കൊവിഡ് ബാധിച്ച് ആശുപത്രയിലാകുന്നത്. ജൂണിൽ മഴ തുടങ്ങുകയും മഴക്കാല രോഗങ്ങൾ വരുകയും ചെയ്താൽ കുടുതൽ സൗകര്യങ്ങൾ വേണ്ടിവരും. അതിനുള്ള ഒരുക്കങ്ങളാണ് സർക്കാർ നടത്തുന്നത്.

വരുന്നവർ അവരെ കുറിച്ചുള്ള വിവരം മുൻകൂട്ടി സംസ്ഥാനത്തെ അറിയിക്കണം. എല്ലാവരും സർക്കാർ നിർദേശത്തിനൊപ്പം അണിചേരാൻ തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു സർക്കാർ പ്രവർത്തിക്കുന്നതിനിടയ്ക്ക് വിവിധ കാര്യങ്ങൾ സംഭവിക്കും. എന്നാൽ മൊത്തത്തിൽ നല്ലതായാണ് അവസാനിച്ചത്. സർക്കാരിനെതിരായ വന്ന വിവാദങ്ങളൊക്കെയും അവസാനിച്ചപ്പോൾ കഴമ്പില്ലായിരുന്നു.

റീബിൽഡ് കേരളയുമായ ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോവുകയാണ്. എന്നാൽ കൊവിഡ് അതിനൊരു തടസമായി. എന്നാൽ ആ തടസങ്ങൾ നീക്കി കാര്യങ്ങൾ ഫലപ്രദമായി നീങ്ങുകയാണ്. ഓരോ കേസിലെ പുരോഗതിയെന്താണെന്ന് തനിക്ക് പറയാനാകില്ലെന്ന് സോളാർകേസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകി. വിജിലൻസ് സ്വതന്ത്രമായാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്.

പരമ്പരാഗത വ്യവസായങ്ങളുടെ കാര്യത്തിൽ അതിനെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ എടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം നല്ല പുരോഗതി കശുവണ്ടി-കയർ മേഖലകളിൽ ഉണ്ടായിട്ടുണ്ട്. ഓരോ രംഗത്തെയും അഭിവൃദ്ധിപ്പെടുത്തുന്ന നടപടിയാണ് സർക്കാർ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

മാലിന്യ സംസ്ക‌രണത്തിൽ ആവശ്യത്തിനനുസരിച്ചുള്ള പുരോഗതി സംസ്ഥാനത്ത് ഉണ്ടായിട്ടില്ല. എതിർപ്പുകൾ കാരണം ഉറവിട മാലിന്യ സംസ്ക്കരണം പലയിടത്തും നടപ്പായിട്ടില്ല. വൻ നഗരങ്ങഴിൽ നല്ല രീതിയിലുള്ള പദ്ധതികൾ വേണം. അതിനുവേണ്ടിയുള്ള സ്ഥലങ്ങൾ സർക്കാർ കണ്ടെത്തിയിട്ടുണ്ട്.

പ്രതിപക്ഷം പ്രവർത്തിക്കുന്നത് കേരളമാകെ കണ്ടുകൊണ്ടിരിക്കുകയാണ്. നാട് വളരുന്നതിന് എല്ലാവരുടെയും സഹകരണം വേണം. നാല് വർഷത്തിൽ ഒരു ഘട്ടത്തിൽ പോലും പ്രതിപക്ഷം സഹകരിച്ചില്ല. ദുരന്ത കാലത്ത് പോലും ആ നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. തിരുത്തിയാൽ അവർക്കാണ് നല്ലത്. ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് സർവ്വ പിന്തണയുണ്ടാകുമെന്ന് പ്രതിപക്ഷത്തുള്ള പലരും തന്നോട് പറഞ്ഞിട്ടുണ്ട്. പറഞ്ഞത് കോൺഗ്രസുകാരല്ലെന്നും അവിടെ തർക്കമുണ്ടാക്കേണ്ടയെന്നും മുഖ്യമന്ത്രി പറഞ്ഞു.

വർഗീയ ശക്തികൾ പലപ്പോഴും നാട്ടിലെ സിനിമരംഗത്തെ തടസപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. ലക്ഷങ്ങൾ മുടക്കി കഴിഞ്ഞ മാർച്ചിൽ നിർമ്മിച്ച സെറ്റാണ് സംസ്ഥാനത്ത് ബജ്‌റംഗ്‌ദ‌ൾ എന്നുപറയുന്ന കൂട്ടർ പൊളിച്ചുവെന്ന് വാർത്തകൾ വന്നിരിക്കുന്നത്. ഈ വർഗീയശക്തികൾക്ക് അഴി‌ഞ്ഞാടാനുള്ള മണ്ണല്ല കേരളമല്ല അവർ ഓർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അവിടെ നിന്ന് ആരെങ്കിലും വരുന്നോവെന്ന് നോക്കി നിൽക്കുന്ന മുന്നണിയല്ല എൽ.ഡി.എഫ്. വലതുപക്ഷത്തുള്ള പ്രീണിപ്പിക്കാൻ ഇടതുമുന്നണി ശ്രമിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തിൽ നിന്ന് ഫലപ്രദമായ സഹായം ലഭിക്കുക എന്നത് സംസ്ഥാനത്തിന്റെ അവകാശമാണ്. സംതൃപ്തമായ സംസ്ഥാനങ്ങളാണ് രാജ്യത്തിന് വേണ്ടത്. നിർഭാഗ്യവശാൽ കേന്ദ്രസമീപനം അങ്ങനെയായിരുന്നില്ല.

തദേശതിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാനുള്ള ആലോചന സർക്കാരിനില്ല. നിയമസഭ തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇപ്പോൾ ചിന്തിക്കേണ്ട ആവശ്യമില്ല. ജനങ്ങൾ ഞങ്ങളോടൊപ്പം ഉണ്ടെന്ന് തന്നെയാണ് ഞങ്ങളുടെ വിശ്വാസമെന്നും മുഖ്യമന്ത്രി പറഞ്ഞു.