തിരുവനന്തപുരം: നാലുവർഷംകൊണ്ട് ജനങ്ങൾക്ക് ഒരു നേട്ടവുമുണ്ടാക്കാത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ രംഗത്തുംപരാജയപ്പെട്ട സർക്കാരാണ് എൽ.ഡി.എഫ്. സർക്കാർ. നവകേരളം സൃഷ്ടിക്കുമെന്ന് സർക്കാർ പറഞ്ഞിട്ട് രണ്ടുവർഷമായി. നവകേരളത്തിനായുള്ള പ്രതിജ്ഞ പുതുക്കാമെന്നാണ് സർക്കാർ ഇപ്പോഴും പറയുന്നത്. ശേഷിക്കുന്ന ഒരു വർഷവും പ്രതിജ്ഞ പുതുക്കൾ മാത്രമായിരിക്കും നടക്കുന്നത്. നവേകേരളത്തിനായുള്ള ഒരു പദ്ധതിപോലും നടപ്പാക്കാൻ സർക്കാരിനായിട്ടില്ല-പ്രതിപക്ഷ നേതാവ് പറഞ്ഞു.
എല്ലാ രംഗത്തും സർക്കാർ സമ്പൂർണ പരാജയമാണ്. ലോകബാങ്ക് സഹായം സർക്കാർ വകമാറ്റി ചെലവാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ശരിയായി ഉപയോഗിക്കുന്നില്ല. തിരഞ്ഞടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റി എന്നുപറയുന്നത് അവകാശാവാദം മാത്രമാണ്. ദുരന്ത സമയങ്ങളിൽ പ്രതിപക്ഷം സർക്കാരിനോട് സഹകരിച്ചു. എന്നാൽ ക്രമക്കേട് കണ്ടപ്പോൾ അത് ചൂണ്ടിക്കാണിച്ചു.കൊവിഡിന്റെ മറവിൽ അഴിമതി മൂടിവയ്ക്കുകയാണ് ചെയ്യുന്നത്. കേരളത്തിലെ ആരോഗ്യമേഖലയിലടക്കം ഉണ്ടായ നേട്ടങ്ങൾ ഒരു സർക്കാരിന്റേത് മാത്രമാക്കി. ഇത് ബോധപൂർവമായ ശ്രമമാണ്. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം.
രാഷ്ട്രീയകൊലപാതകങ്ങളും ബന്ധു നിയമനങ്ങളും സ്വജനപക്ഷപാതവുമാണ് സർക്കാരിന്റെ മുഖമുദ്ര. അഴിമതിയുടെ കാര്യത്തിൽ ഇടതുസർക്കാരിനെ കണ്ടുപഠിക്കണം. മുഖ്യമന്ത്രിയുടെ വകുപ്പുകളായ ഐ.ടിയിലും പൊലീസിലുമാണ് ഏറ്റവും കൂടുതൽ അഴിമതി നടക്കുന്നത്. പി.ആർ. ഏജൻസികളെ ഉപയോഗിച്ച് ജനങ്ങളുടെ കണ്ണുകെട്ടാമെന്ന് കരുതുകയാണ്.മുടിയനായ പുത്രനായി മാറി പിണറായി സർക്കാർ. പ്രളയത്തിൽ തകർന്നവരെ സഹായിച്ചത് സന്നദ്ധ സംഘടനകളാണ്.ബഡ്ജറ്റുകളുടെയും പാക്കേജുകളുടെയും ശവപ്പറമ്പായി മാറി കേരളം. സംസ്ഥാനത്തിന്റെ പൊതുകടം വൻതോതിൽ കൂടി. കഴിഞ്ഞനാലുവർഷം കൊണ്ട് സർക്കാർ എടുത്തത് ഒരുലക്ഷംകോടിയുടെ വായ്പയാണ്. സാമ്പത്തികമായി കുത്തുപാളയെടുത്ത് നിൽക്കുകയാണ് സർക്കാർ. ഇതുപോലെ കടമെടുത്ത സർക്കാർ കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല.