മോസ്കോ: നാസി നേതാവ് അഡോൾഫ് ഹിറ്റ്ലർ വളർത്തിയിരുന്നതെന്ന് ചിലർ വിശ്വസിക്കപ്പെടുന്ന ചീങ്കണ്ണി മോസ്കോ മൃഗശാലയിൽ ചത്തു. സാറ്റേൺ എന്ന് പേരുള്ള ഈ ചീങ്കണ്ണിയ്ക്ക് ഏകദേശം 84 വയസ് പ്രായമുണ്ടായിരുന്നതായി മൃഗശാല അധികൃതർ പറയുന്നു. അമേരിക്കയിൽ ജനിച്ച മിസിസിപ്പി ചീങ്കണ്ണിയായ സാറ്റേണിനെ പിന്നീട് ബെർലിൻ മൃഗശാലയിൽ എത്തിച്ചതായും 1943ലെ ബോംബാക്രമണത്തിൽ മൃഗശാല തകർന്നതോടെ അവിടെ നിന്നും രക്ഷപ്പെട്ടെന്നുമാണ് പറയപ്പെടുന്നത്.
പിന്നീട് 1946 വരെ സാറ്റേണിന്റെ ജീവിതത്തിൽ എന്ത് സംഭവിച്ചു എന്ന് ആർക്കും അറിയില്ല. 1946ൽ ബ്രിട്ടീഷ് പട്ടാളക്കാരാണ് സാറ്റേണിനെ സോവിയറ്റ് യൂണിയന് കൈമാറിയത്. ബെർലിനിൽ നിന്ന് തന്നെ സാറ്റേണിനെ കണ്ടെത്തിയെന്നാണ് പറയുന്നത്. എന്നാൽ സാറ്റേണിനെ ഹിറ്റ്ലറുടെ ശേഖരത്തിൽ നിന്നുമാണ് ബ്രിട്ടീഷ് സൈനികർക്ക് ലഭിച്ചതെന്ന് ചിലർ പറയാൻ തുടങ്ങി. എന്നാൽ ശരിക്കും സാറ്റേണിനെ ഹിറ്റ്ലർ വളർത്തിയിരുന്നു എന്ന വാദം ചരിത്രകാരൻമാർ നിഷേധിക്കുന്നു.
മിസിസിപ്പി ചീങ്കണ്ണികൾ സാധാരണ 50 വർഷം വരെയാണ് സ്വാഭാവിക ആവാസ വ്യവസ്ഥയിൽ ജീവിക്കുന്നത്. ഒരു പക്ഷേ, ലോകത്ത് ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്ന ചീങ്കണ്ണികളിൽ ഒന്നാണ് സാറ്റേൺ എന്ന് പറയുന്നതിൽ തെറ്റില്ലെന്ന് മോസ്കോ മൃഗശാല അധികൃതർ പറയുന്നു. ഇപ്പോൾ റഷ്യയിലെ തന്നെ സെർബിയയിലെ ബെൽഗ്രേഡ് മൃഗശാലയിൽ ജീവിക്കുന്ന ഒരു ആൺ ചീങ്കണ്ണിയ്ക്കും 80 വയസിന് മുകളിൽ പ്രായമുള്ളതായി പറയപ്പെടുന്നു. പക്ഷേ, രണ്ടാം ലോകമഹായുദ്ധത്തെ അതിജീവിച്ചു എന്ന റെക്കാഡ് സാറ്റേണിന്റെ പേരിലാണ്.
1943ലെ ബോംബാക്രമണത്തിൽ സാറ്റേൺ എങ്ങനെ രക്ഷപ്പെട്ടുവെന്നോ അതിന് ശേഷം മൂന്ന് വർഷം എവിടെ ആയിരുന്നുവെന്നോ ആർക്കും കൃത്യമായി അറിയില്ല എന്നത് ഇന്നും നിഗൂഡമായി തുടരുന്നു. 1945ൽ യുദ്ധം അവസാനിക്കുന്നത് വരെ നിരവധി ആക്രമണങ്ങൾക്കാണ് നാസി ജർമനിയുടെ തലസ്ഥാനമായ ബെർലിൻ നഗരം സാക്ഷ്യം വഹിക്കേണ്ടി വന്നത്. 1943 നവംബർ 22ന് രാത്രിയാണ് ബെർലിൻ മൃഗശാല സ്ഥിതി ചെയ്യുന്ന ടൈർഗാർട്ടൻ ജില്ലയിൽ ഉൾപ്പെടെയുള്ള പടിഞ്ഞാറൻ പ്രദേശങ്ങളിൽ ശക്തമായ ബോംബാക്രമണം ഉണ്ടായത്.
ആയിരക്കണക്കിന് മനുഷ്യർ മരിച്ചു. ഒപ്പം മൃഗശാലയിലുണ്ടായിരുന്ന ജീവികളും. മൃഗശാലയുടെ അക്വാറിയം ബിൽഡിംഗ് തകർന്നു തരിപ്പണമാക്കി. സ്ഫോടനത്തിന് ശേഷം മൃഗശാലയ്ക്ക് പുറത്ത് നാല് മുതലകളുടെ മൃതദേഹങ്ങൾ കണ്ടതായി ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. ഇത്രയും ഭീകരമായ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട സാറ്റേൺ മൂന്ന് വർഷം യുദ്ധഭൂമിയായിരുന്ന ബെർലിൻ നഗരത്തിൽ എവിടെയോ ആയിരുന്നു ജീവിച്ചത്. ഏതായാലും ചരിത്ര പ്രാധാന്യമുള്ള സാറ്റേണിന്റെ മൃതദേഹം മോസ്കോയിലുള്ള ദ സ്റ്റേറ്റ് ഡാർവിൻ മ്യൂസിയം ഒഫ് നാച്ചുറൽ ഹിസ്റ്ററിയിൽ സ്റ്റഫ് ചെയ്ത് സൂക്ഷിക്കുമെന്നാണ് റിപ്പോർട്ട്.