ഏപ്രിൽ, മേയ് മാസങ്ങളിലെ കഠിന വേനലിൽ മഴമേഘങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു പതിവ്. വറ്റിവരണ്ട് അടിത്തട്ടുകൾ മൈതാനം പോലെയായിത്തീരുന്ന ചെറുതും വലുതുമായ ജലസംഭരണികൾ. കുടിനീരിനായി പരക്കം പായുന്ന കുടുംബങ്ങൾ. വൈദ്യുതി ക്ഷാമം തുറിച്ചുനോക്കുന്ന രാപകലുകൾ. പരിചിതമായ ഈ കാഴ്ചകൾക്കു പകരം ഇത്തവണ മേയ് മാസം ജലസമൃദ്ധിയുടേതാണ്. മാത്രമല്ല സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും ഒട്ടേറെ മഴക്കെടുതികൾക്കും ഇരയായിക്കൊണ്ടിരിക്കുകയാണ്. തലസ്ഥാനത്തിന്റെ കുടിനീർ സ്രോതസായ അരുവിക്കര ഡാം ശനിയാഴ്ചയുണ്ടായ ഒറ്റ മഴ കൊണ്ടുതന്നെ നിറഞ്ഞുകവിഞ്ഞു. മുന്നറിയിപ്പു നൽകാൻ പോലും സാവകാശം ലഭിക്കാതെ വെള്ളം അണക്കെട്ടും കവിഞ്ഞ് ഒഴുകുമെന്ന നിലയായപ്പോൾ ഡാമിന്റെ അഞ്ചു ഷട്ടറുകളും കൊച്ചുവെളുപ്പാൻ കാലത്ത് പൂർണമായും തുറന്നിടേണ്ടിവന്നു. നഗരത്തിന്റെ പല ഭാഗങ്ങളും ഇതേത്തുടർന്ന് വെള്ളത്തിനടിയിലായി.
മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടതിനെച്ചൊല്ലി നഗരസഭയും ജില്ലാ ഭരണകൂടവും തമ്മിലുണ്ടായ വാക് പോര് ഇനിയും ശമിച്ചിട്ടില്ല. ഒരൊറ്റ മഴയിൽ സ്ഥിതി ഇതാണെങ്കിൽ വരാനിരിക്കുന്ന സംഹാരരൂപിയായ കാലവർഷത്തിൽ കാര്യങ്ങൾ എത്രത്തോളം വഷളാകുമെന്ന അങ്കലാപ്പിലാണ് നഗരവാസികൾ.
അരുവിക്കര മാത്രമല്ല മഴക്കാലത്തിനു മുൻപേ തന്നെ അപകടഭീഷണി ഉയർത്തുന്നത്. സംസ്ഥാനത്തെ പ്രധാനപ്പെട്ട എല്ലാ അണക്കെട്ടുകളിലും വേനലിൽ സാധാരണ ഉണ്ടാകാത്തത്ര കൂടിയ അളവിൽ വെള്ളമുണ്ട്. ലോക്ക് ഡൗണിനെത്തുടർന്ന് വൈദ്യുതി ഉപഭോഗത്തിൽ ഗണ്യമായ കുറവുണ്ടായതിനാൽ ജലവൈദ്യുതി കേന്ദ്രങ്ങളിലെ അണക്കെട്ടുകളും ജലസമൃദ്ധമാണിപ്പോൾ. പ്രളയകാലത്ത് ദിവസങ്ങളോളം തുറക്കേണ്ടിവന്ന ഇടുക്കി അണക്കെട്ടിൽ കഠിന വേനലിലും നാല്പതു ശതമാനം വെള്ളമാണുള്ളത്. മഴക്കാലം തുടങ്ങുന്നതിനു മുൻപ് ജലനിരപ്പ് മുപ്പതു ശതമാനത്തിലേക്കു താഴ്ത്തണമെന്നാണ് സുരക്ഷാചട്ടം. ഇടമലയാർ, മാട്ടുപ്പെട്ടി, പെരിയാർ തുടങ്ങിയ ഡാമുകളിലും വേനലിലെ സംഭരണശേഷിയെക്കാളധികം വെള്ളമുണ്ട്. അധിക ജലം ഒഴുക്കിക്കളയാൻ സർക്കാർ നിർദ്ദേശം നൽകിക്കഴിഞ്ഞു. ശരാശരിയിലും അധിക മഴയുമായിട്ടാകും ഇക്കൊല്ലത്തെ കാലവർഷമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അണക്കെട്ടുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ഇപ്പോഴേ തീവ്രശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു. വലിയ അണക്കെട്ടുകൾ മാത്രമല്ല സംഭരണശേഷി കുറഞ്ഞ ബാണാസുര പോലുള്ളവ നേരത്തെ തന്നെ ഷട്ടറുകൾ തുറന്നിരുന്നു. വേനൽ മഴ സമൃദ്ധമായതാണു കാരണം. സംസ്ഥാനത്തെ 79 അണക്കെട്ടുകളിൽ വൈദ്യുതി ഉത്‌പാദനമുള്ളത് അൻപത്തേഴെണ്ണത്തിലാണ്. മലമ്പുഴ, പീച്ചി, നെയ്യാർഡാം തുടങ്ങി ജലസേചനത്തിനു മാത്രമായുള്ള അണക്കെട്ടുകളും കാലവർഷക്കാലത്തെ വരവേൽക്കാനായി ഒരുങ്ങേണ്ടതുണ്ട്.
വേനൽ മഴ ഇക്കുറി കണക്കിലേറെ തുണച്ചത് അനുഗ്രഹത്തോടൊപ്പം ഒട്ടധികം നാശനഷ്ടങ്ങൾക്കും കാരണമായി. പതിവുപോലെ കാർഷിക മേഖലയ്ക്കാണ് കൂടുതൽ നാശമുണ്ടായത്.
വേനൽ മഴ അല്പം ശക്തമാകുമ്പോൾത്തന്നെ അണക്കെട്ടുകൾ തുറന്നുവിടേണ്ട സാഹചര്യമുണ്ടായതെങ്ങനെ എന്ന വിഷയം വേണ്ടത്ര ഗൗരവത്തോടെ കണ്ടിട്ടില്ലെന്നാണു തോന്നുന്നത്. മഴ കൂടിയതുകൊണ്ടല്ല അണക്കെട്ടുകളുടെ സംഭരണശേഷിയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന അപകടകരമായ കുറവാണ് ഈ പ്രതിഭാസത്തിനു പ്രധാന കാരണം. അണക്കെട്ടുകളുടെ സംരക്ഷണ - പരിപാലന നടപടികളിലെ അനാസ്ഥയാണ് വേനലിലും ഷട്ടറുകൾ ഉയർത്തേണ്ടിവരുന്നതിലേക്ക് നയിക്കുന്നത്. അണക്കെട്ടുകളിൽ വർഷങ്ങളായി അടിഞ്ഞുകൂടിക്കിടക്കുന്ന എക്കലും ചെളിയും മണലും കാലാകാലങ്ങളിൽ നീക്കം ചെയ്യേണ്ടതുണ്ട്. ഇതു ചെയ്യാത്തതുകൊണ്ട് ഒരു അണക്കെട്ടിനും പൂർണ സംഭരണ ശേഷി അവകാശപ്പെടാനാവില്ല. അടിത്തട്ടിൽ നിറഞ്ഞുകിടക്കുന്ന എക്കലിന്റെയും ചെളിയുടെയും മുകളിൽ ജലം സംഭരിക്കേണ്ടിവരുന്നു. ഉയർന്ന തോതിലുള്ള ജലവിതാനം രേഖപ്പെടുത്തുമ്പോഴും ഫലത്തിൽ യഥാർത്ഥ ശേഷിയുടെ പകുതി പോലും ജലം കാണണമെന്നില്ല.
അണക്കെട്ടുകളുടെ സംരക്ഷണാർത്ഥം മണൽ ലേലം ചെയ്തുകൊടുക്കുന്നതുൾപ്പെടെ ചില പരിപാടികളെക്കുറിച്ച് പറയുന്നതല്ലാതെ ഒന്നും കാര്യമായി പ്രവൃത്തിപഥത്തിലെത്തിക്കാൻ കഴിഞ്ഞിട്ടില്ല. ഊർജ്ജിതമായി നടപ്പാക്കേണ്ടിയിരുന്ന ഈ പദ്ധതി കൊണ്ട് രണ്ട് ഗുണങ്ങളാണ് ലഭിക്കുമായിരുന്നത്. അണക്കെട്ടുകളുടെ സംരക്ഷണം തന്നെയാണ് അതിൽ പ്രധാനം. ജലസംഭരണശേഷി മെച്ചപ്പെടാൻ അണക്കെട്ടുകളുടെ പരിപാലനം മുഖ്യ ഘടകമാണ്. സംസ്ഥാനത്തിനു ലഭിക്കുന്ന റവന്യൂ വരുമാനമാണ് മറ്റൊന്ന്. അണക്കെട്ടുകളിൽ അടിഞ്ഞുകിടക്കുന്ന വർദ്ധിച്ച തോതിലുള്ള മണൽ നിക്ഷേപം പ്രയോജനപ്പെടുത്താനായാൽ വൻ വരുമാനമാകും. മാറിമാറി വരുന്ന സർക്കാരുകൾ അതിനായി പദ്ധതികൾ പ്രഖ്യാപിക്കുന്നതല്ലാതെ പ്രായോഗിക നടപടികൾ എടുത്തില്ല. ടൺ കണക്കിനു മണൽ ഓരോ അണക്കെട്ടിലും പ്രയോജനമില്ലാതെ കിടക്കുന്നു. ലേലം കൊള്ളാൻ കരാറുകാർ ഇവിടെ എത്ര വേണമെങ്കിലുമുണ്ട്. മണലിന് ആവശ്യക്കാരും ധാരാളമാണ്. നല്ല മണലിന് കരാറുകാർ അൻപതിനായിരവും അറുപതിനായിരവുമൊക്കെയാണ് സാധാരണക്കാരിൽ നിന്നു വാങ്ങുന്നത്. നിയന്ത്രിതമായ തോതിലെങ്കിലും അണക്കെട്ടുകളിൽ നിന്ന് മണൽ വാരാൻ അനുമതി നൽകിയാൽ രൂക്ഷമായ മണൽക്ഷാമത്തിനു ഒരു പരിധിവരെ പരിഹാരമാകുമെന്നു മാത്രമല്ല ഖജനാവിനും മുതൽക്കൂട്ടാവും. ഇതൊക്കെ സർക്കാരിനും അറിയാവുന്ന കാര്യങ്ങളാണ്. പക്ഷേ ക്രിയാത്മകമായി ഒന്നും ചെയ്യുന്നില്ലെന്നു മാത്രം.
കാലവർഷം തുടങ്ങാൻ ഇനി ഏറെ ദിവസങ്ങളില്ലാത്തതിനാൽ അണക്കെട്ടുകളിൽ നിന്ന് മണൽ വാരൽ പദ്ധതി ഉടനടി നടപ്പാക്കാനായെന്നു വരില്ല. അതിനു കഴിഞ്ഞില്ലെങ്കിലും കാലവർഷം മുന്നിൽക്കണ്ടുകൊണ്ടുള്ള സുരക്ഷാ ഏർപ്പാടുകൾ ഊർജ്ജിതമായി ഏറ്റെടുക്കേണ്ടതുണ്ട്. രണ്ടുവർഷം മുൻപുണ്ടായ പ്രളയകാല പാഠങ്ങൾ മറക്കാറായിട്ടില്ല. നിതാന്ത ജാഗ്രതയും ഏതു സാഹചര്യവും നേരിടാനുള്ള കുറ്റമറ്റ സന്നാഹങ്ങളും വേണ്ട നാളുകളാണ് വരാൻ പോകുന്നത്.