kovalam

കോവളം: ലോക്ക് ഡൗൺ തുടങ്ങി ഒന്നരമാസം കൊണ്ട് വെള്ളായണി കായലിന്റെ പല ഭാഗത്തും പായലും പുല്ലും വളർന്ന് മൂടപ്പെട്ട അവസ്ഥയിലാണ്. ഇവിടെ 50 ഏക്കറോളം പ്രദേശം കുളവാഴയും ആഫ്രിക്കൻ പായലും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പായൽ മൂടിയതോടെ വെള്ളത്തിന് അസഹനീയമായ ദുർഗന്ധവും. കായലിലെ പായലിന്റെ മൂട് അഴുകിയതാണ് വെള്ളത്തിന് ദുർഗന്ധമുണ്ടാകാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. വെള്ളായണി കായലിനെ നാശത്തിൽ നിന്നും ഉയർത്താനുള്ള റിവൈവ് വെള്ളായണി ജനകീയ യജ്ഞം ആരംഭിച്ചത് മേയ് 28നാണ്. സംസ്ഥാന വിനോദസഞ്ചാരൃ ജലസേചന വകുപ്പുകൾ സ്വസ്ഥി ഫൗണ്ടേഷനുമായി സഹകരിച്ചായിരുന്നു ജനകീയ യഞ്ജത്തിന് നേതൃത്വം നൽകിയത്. 250 ഏക്കറോളം വ്യാപിച്ച് കിടക്കുന്ന മാലിന്യം ഒഴിവാക്കി കായലിന്റെ ജീവൻ വീണ്ടെടുക്കുന്ന സമഗ്ര യ‌‌ജ്ഞമായിരുന്നു ലക്ഷ്യം. എന്നാൽ ലോക്ക് ഡൗൺ വന്നതോടെ കായൽ വീണ്ടും വിവിധയിനം പായലുകൾ മൂടി പഴയപടിയായി. സർക്കാർ സംവിധാനങ്ങൾ നിലച്ചതോടെ പ്രദേശത്തെ ഒരു കൂട്ടം കായൽ സംരക്ഷണ പ്രവർത്തകർ എല്ലാ ദിവസവും രാവിലെ 3 മണിക്കൂർ കടവിൻമൂല കായൽപ്രദേശത്ത് ശുചീകരണ പ്രവർത്തനത്തിനായി മാറ്റി വെയ്ക്കുന്നുമുണ്ട്. യന്ത്രസാമഗ്രികളുടെയും സാങ്കേതികവിദ്യയുടെയും സഹായമാണ് കായൽ ശുചീകരണത്തിനും സംരക്ഷണത്തിനും അന്ന് ഉപയോഗിച്ചത്. ചെറുതും വലുതുമായ ജലാശയ സംരക്ഷണ പ്രവർത്തനങ്ങൾക്ക‌് നൽകിവരുന്ന എല്ലാ സഹായവും വെള്ളായണി കായൽസംരക്ഷണ പ്രവർത്തനങ്ങൾക്ക‌് ഉറപ്പാക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ കടവിൻമൂല, പനങ്ങോട്, നെല്ലിവില, വെണ്ണിയൂർ വാർഡുകളിലെ കായൽ ഭാഗികമായും പായലും പുല്ലും മൂടിയ നിലയിലാണ്. ആയിരക്കണക്കിന് ആളുകളുടെ കുടിവെള്ള ശ്രോതസ് ഇപ്പോൾ പായൽ മൂടിയത് കാരണം ഉപയോഗശൂന്യമായത്. ഇങ്ങനെ പായൽ മൂടിയാൽ വെള്ളത്തിന്റെ ഓക്സിജന്റെ അളവ് കുറയ്ക്കും. ഇത് കായലിലെ ജൈവ ആവാസവ്യവസ്ഥയെവരെ ബാധിക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.വെള്ളായണി കായലിലെ ജലനിരപ്പ് കുറയുന്നതും ആശങ്കയ്ക്ക് വകവയ്ക്കുന്നതാണ്. കഴിഞ്ഞ വേനലിലാണ് ജലനിരപ്പ് ഏറ്റവും താഴ്ന്നത്.

വിവിധ ജലവിതരണ പദ്ധതികളുമായി ബന്ധപ്പെട്ട് നിരവധി പമ്പിംഗ് സ്റ്റേഷനുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.കാക്കാമൂലയിലുള്ള പമ്പിംഗ് സ്റ്റേഷൻ വഴി മാത്രം പ്രതി ദിനം പമ്പ് ചെയ്യുന്നത് 21 ദശലക്ഷത്തിലധികം ലിറ്റർ വെള്ളം കായലിന്റെ ജലസ്രോതസായ മുപ്പതിലേറെ കനാലുകളിൽ ഭൂരിഭാഗവും ഒഴുക്ക് നിലച്ച അവസ്ഥയിലാണ്. കാക്കാമൂല, ഊക്കോട്, വെണ്ണിയൂർ, പാലപ്പൂർ തുടങ്ങിയ ഭാഗങ്ങളിലെ കായൽ കൈയേറ്റവും തടാകത്തിന്റെ നിലനിൽപ്പിന് ഭീഷണി ഉയർത്തുന്നു