സോൾ : ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോളിൽ സ്കൂളുകൾ വീണ്ടും അടച്ചു. നഗരത്തിലെ ഒരു കിന്റർഗാർട്ടണിൽ പഠിക്കുന്ന ആറു വയസുകാരന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു പൂട്ടിയത്. രോഗബാധിതതയായിരുന്ന അദ്ധ്യാപികയിൽ നിന്നാണ് കുട്ടിയ്ക്ക് രോഗം പകർന്നത്. രണ്ടാം ഘട്ട സ്കൂൾ തുറക്കലിന് രണ്ട് ദിവസം ബാക്കി നിൽക്കവെയാണ് സ്കൂളുകൾ കൂട്ടത്തോടെ അടച്ചത്. ഹാൻ നദിയുടെ തെക്ക് സ്ഥിതി ചെയ്യുന്ന ഗാംഗ്സിയോയിലാണ് കഴിഞ്ഞ ദിവസം 35 കാരിയായ അദ്ധ്യാപികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 35 കുട്ടികളെയാണ് ഇവർ പഠിപ്പിച്ചിരുന്നത്. പ്രദേശത്തെ പത്ത് കിന്റർഗാർട്ടനുകളും അഞ്ച് പ്രൈമറി സ്കൂളുകളും ഇതോടെ അടച്ചു. സ്കൂളുകളെല്ലാം അണുവിമുക്തമാക്കി പരിശോധനകൾ നടത്തിയ ശേഷം മാത്രമേ പുനരാരംഭിക്കുകയുള്ളു.
അതേ സമയം, നഗരത്തിലെ അദ്ധ്യാപകരെല്ലാം ഫേസ്മാസ്കുകൾ ധരിച്ചിരുന്നതായും കുട്ടികളിൽ നിന്നും സാമൂഹ്യഅകലം ഉൾപ്പെടെയുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിരുന്നതായും സോൾ മെട്രോപൊളിറ്റൻ ഓഫീസ് ഒഫ് എജ്യൂക്കേഷൻ അറിയിച്ചു. ദക്ഷിണ കൊറിയയിൽ സ്കൂളുകൾ തുറക്കുന്നതിന് തയാറാക്കിയ പ്ലാനിന്റെ ഭാഗമായുള്ള ആദ്യഘട്ടമെന്ന നിലയിലാണ് മേയ് 20ന് കിന്റർഗാർട്ടനുകളും പ്രൈമറി സ്കൂളുകളും ഉൾപ്പെടെയുള്ള ഒരു വിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തനം ആരംഭിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ച സ്കൂളിലെ 91 വിദ്യാർത്ഥികൾ, മൂന്ന് ടീച്ചർമാർ, രണ്ട് രക്ഷിതാക്കൾ എന്നിവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കി. ഇവരുടെ പരിശോധനാ ഫലം ഉടൻ ലഭിക്കും.