1

പൂവാർ: പൊഴിയൂർ മുതൽ അടിമലത്തുറ വരെയുള്ള തിരദേശവാസികൾക്ക് കോവിഡ് ഭീതിക്കൊപ്പം പകർച്ചാവ്യാധി ഭീഷണി കൂടി നേരിടേണ്ട അവസ്ഥയിലാണ്. പുറം നാട്ടുകാർ ഇവിടം മാലിന്യം നിക്ഷേപ കേന്ദ്രമാക്കിയതോടെ തീരത്തെ താഴ്ന്ന പ്രദേശങ്ങളെല്ലാം ഇതിനോടകം മാലിന്യം കൊണ്ട് നിറഞ്ഞു. ഒപ്പം വേനൽമഴയും വന്നതോടെ ഈ മാലിന്യവും മലിനജലവും റോഡിലും ഇവിടുത്തെ വീടുകളിലേക്കും ഒഴുകിയെത്താൻ തുടങ്ങി. ഇതോടെ ജനങ്ങൾ പകർച്ചാവ്യാധി ഭീഷണികൂടി നേരിടേണ്ട അവസ്ഥയിലായി. ലോക്ക് ഡൗൺ തുടങ്ങി നാട്ടുകാരെല്ലാം വീട്ടിൽ തന്നെ ഇരിപ്പായതോടെ മാലിന്യനിക്ഷേപം വർദ്ധിച്ചിരിക്കുകയാണ്. രാത്രികാലങ്ങളിൽ അറവ് മാലിന്യങ്ങൾ വരെ ഇവിടെ നിക്ഷേപിക്കുന്നുണ്ട്. നേരം വെളുക്കുമ്പോൾ ഇവ തെരുവ് നായ്ക്കളും കാക്കളും കൊത്തിവലിച്ച് പ്രദേശം മുഴുവൻ നിരത്തും. അസഹനീയമായ ദുർഗന്ധം കാരണം പൊറുതിമുട്ടി കഴിയുമ്പോഴാണ് വേനൽമഴയ്ക്കൊപ്പം ഇതെല്ലാം ജനവാസ കേന്ദ്രത്തിലേക്ക് ഒഴുകിയെത്തുന്നത്. നെയ്യാറും കരിച്ചൽ കായലും അറബിക്കടലിൽ ലയിക്കാൻ എത്തുന്നത് നഗരമാലിന്യവും പേറിയാണ്. അറബിക്കടലിൽ എത്തുന്ന അഴുകി ജീർണിച്ച ഈ മാലിന്യങ്ങളെല്ലാം തിരമാലകൾ കരയിലേക്ക് അടിച്ച് കയറ്റും. അന്യസംസ്ഥാനങ്ങളിൽ നിന്നും വില്പനയ്ക്ക് കൊണ്ടുവരുന്ന അഴുകിയ മത്സ്യങ്ങളിൽ ബാക്കിവരുന്നവ തീരത്ത് ഉപേക്ഷിക്കാറാണ് പതിവ്. ഇതും പ്രദേശവാസികൾക്ക് തലവേദന സൃഷ്ടിക്കാറുണ്ട്. എന്നാൽ ലോക്ക് ഡൗൺ വന്നതോടെ ജീർണിച്ച മത്സ്യങ്ങളുടെ നിക്ഷേപം ഇപ്പോഴില്ല. തീരദേശത്തെ ഓടകളെല്ലാം മണ്ണുമൂടിയതിനാൽ മഴവെള്ളത്തിൽ ഒലിച്ചുവരുന്ന മാലിന്യങ്ങളെല്ലാം മഴവെള്ളത്തോടൊപ്പം അവിടെത്തന്നെ കെട്ടിക്കിടക്കുകയാണ്. ഇതിൽ നിന്നുണ്ടാകുന്ന ദുർഗന്ധം കാരണം വീടുകൾക്കുള്ളിൽപോലും കഴിയാൻ പറ്റാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ.

സാധാരണ മേയ്മാസത്തിന്റെ തുടക്കം മുതൽ ഗ്രാമപഞ്ചായത്തുകൾ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കാറാണ് പതിവ്. എന്നാൽ ഗ്രാമപഞ്ചായത്ത് അധികൃതർ കൊവിഡ് രോഗവ്യാപനം ചെറുക്കുന്നതിനുള്ള തീവ്രയജ്ഞത്തിലായതിനാൽ മഴക്കാലപൂർവ ശുചീകരണം തുടങ്ങാൻ കാലതാമസം നേരിട്ടിരിക്കുകയാണ്. ഇത് ജനങ്ങൾക്കിടയിൽ ആശങ്കപരത്തുകയാണ്.

കുളത്തൂർ, പൂവാർ, കരുംകുളം, കോട്ടുകാൽ തുടങ്ങിയ പ്രദേശങ്ങളിൽ കോളറപോലുള്ള മാരകരോഗങ്ങൾ പടന്നിരുന്നു. അധികൃതരുടെയും നാട്ടുകരുടെയും ശക്തമായ ഇടപെടലിലാണ് അത് നിയന്ത്രിച്ചത്. എന്നാൽ ഇപ്പോൾ കരുംകുളം ഗ്രാമപഞ്ചായത്തിലെ പുല്ലുവിള സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയവരിൽ പലർക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുകയാണ്. തീരം പകർച്ചാവ്യാധികലിലേക്ക് കൂപ്പ്കുത്തുന്നതിന് മുൻപ് തീരം യുദ്ധകാലാടിസ്താനത്തി. ശുചീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം,