മൊത്തം 13,72,012 കുട്ടികൾ; ഒരുക്കങ്ങൾ പൂർണം
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ മാറ്റിവച്ച എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾക്കായി 13,72,012 വിദ്യാർത്ഥികൾ ഇന്ന് പരീക്ഷാഹാളിലേക്ക്. പ്രത്യേക സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളോടെ നടക്കുന്ന പരീക്ഷകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഹോട്ട് സ്പോട്ട് മേഖലയിലെ സ്കൂളുകളിൽ പ്രത്യേക ക്രമീകരണങ്ങളോടെയാവും പരീക്ഷ. രോഗലക്ഷണമുള്ളവർക്കും ക്വാറന്റൈനിലുള്ളവർക്കും പ്രത്യേക ഹാളിലാവും പരീക്ഷ. ആരോഗ്യപരിശോധനകൾക്ക് ശേഷം കുട്ടികളെ പരീക്ഷാഹാളിലേക്ക് പ്രവേശിപ്പിക്കും. ഇതിന് ഓരോ കുട്ടിക്കും അര മിനിട്ട് വീതം മതിയെന്നാണ് അധികൃതർ പറയുന്നത്. പ്ലസ് ടുവിന് രാവിലെയും എസ്.എസ്.എൽ.സിക്ക് ഉച്ചയ്ക്ക് ശേഷവുമാണ് പരീക്ഷ.
ആവശ്യക്കാരായ വിദ്യാർത്ഥികൾക്ക് സ്കൂൾ അധികൃതർ വാഹനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സ്കൂളുകളിലേക്കുള്ള ഐ.ആർ തെർമോമീറ്റർ, ഗ്ലൗസുകൾ എന്നിവയുടെ വിതരണം പൂർത്തിയായി. വിദ്യാർത്ഥികൾക്കുള്ള മാസ്കുകളും ആരോഗ്യനിർദേശങ്ങളടങ്ങിയ ലഘുലേഖയും വീടുകളിലെത്തിച്ചിട്ടുണ്ട്. ഫീൽഡ് ലെവൽ ഹെൽത്ത് കെയർ വർക്കർമാരുടെ സേവനവും ലഭ്യമാവും. ഓരോ പരീക്ഷയ്ക്ക് ശേഷവും ക്ലാസ് മുറികൾ അണുവിമുക്തമാക്കും. കുട്ടികൾക്കൊപ്പം ഒരാൾ മാത്രമേ എത്താൻ പാടുള്ളൂ. രക്ഷിതാക്കൾക്ക് സ്കൂൾ വളപ്പിൽ പ്രവേശനമില്ല.
പരീക്ഷാ കേന്ദ്രങ്ങൾ:
എസ്.എസ്.എൽ.സി -2945
ഹയർ സെക്കൻഡറി - 2032
വി.എച്ച്.എസ്.ഇ - 389
വിദ്യാർത്ഥികൾ
ശ്രദ്ധിക്കാൻ :
* മാസ്‌ക് ധരിക്കുക, ഒരു തൂവാല കൂടി കരുതുക
* പരീക്ഷയ്ക്കാവശ്യമായ സാമഗ്രികളും ഹാൾ ടിക്കറ്റും കുടിവെള്ളവും ഉറപ്പാക്കുക
* സ്‌കൂളിലേക്കുള്ള യാത്രയിൽ ശാരീരിക അകലം പാലിക്കുക
* അര മണിക്കൂർ മുൻപ് സ്കൂളിലെത്തുക
* പ്രധാന ഗേറ്റിലൂടെ മാത്രം സ്‌കൂളിലേക്ക് പ്രവേശിക്കുക
* സ്‌കൂൾ കവാടത്തിലെ തെർമൽ സ്ക്രീനിംഗിന് ശേഷം കൈകൾ അണുവിമുക്തമാക്കുക
* പേന ഉൾപ്പെടെയുള്ള സാമഗ്രികൾ കൈമാറരുത്
* കൂട്ടംകൂടിയുള്ള ചർച്ച, ഹസ്തദാനം ഒഴിവാക്കുക
* പരീക്ഷ കഴിഞ്ഞാലുടൻ വീട്ടിലേക്ക് മടങ്ങുക
* ശാരീരിക അസ്വസ്ഥത തോന്നിയാൽ അദ്ധ്യാപകരോട് പറയുക
ഇന്നത്തെ പരീക്ഷ
എസ്.എസ്.എൽ.സി - മാത്തമാറ്റിക്സ്
പ്ലസ് വൺ - എൻട്രപ്രണർഷിപ്പ് ഡെവലപ്‌മെന്റ് (വി.എച്ച്.എസ്.ഇ)
പ്ലസ് ടു - എൻട്രപ്രണർഷിപ്പ് ഡെവലപ്‌മെന്റ് (വി.എച്ച്.എസ്.ഇ)
പരീക്ഷയ്ക്ക് ശേഷം
പരീക്ഷാ സമയം കഴിഞ്ഞാൽ വിദ്യാർത്ഥികൾ ഉത്തരക്കടലാസുകൾ വലിയ പ്ലാസ്റ്റിക് ബാഗിലേക്ക് ഇടണം. എല്ലാവരും നിക്ഷേപിച്ചുകഴിഞ്ഞാൽ ഇൻവിജിലേറ്റർ ബാഗ് സുരക്ഷിതമായി സീൽ ചെയ്യും. അന്നുതന്നെ മൂല്യനിർണയ ക്യാമ്പുകളിലെത്തിക്കും. ഏഴ് ദിവസത്തിന് ശേഷം മൂല്യനിർണയം
ബധിര വിദ്യാർത്ഥികൾക്ക്
പരീക്ഷയെഴുതാം
പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്ന വാർ റൂമിന്റെ ഇടപെടലിൽ പരീക്ഷയെഴുതാൻ അവസരം ലഭിച്ച് തിരുവനന്തപുരം ജഗതി ബധിര വിദ്യാലയത്തിലെ രണ്ട് വിദ്യാർത്ഥികൾ. ഇടുക്കി ജില്ലയിൽ നിന്ന് ഇവരെ ഡി.ജി.ഇ ഓഫീസിന്റെ വാഹനത്തിൽ ഇന്നലെ വൈകിട്ടോടെ തിരുവനന്തപുരത്തെത്തിച്ചു. കേൾവി പരിമിതർക്കുള്ള പ്രത്യേക പരീക്ഷയായതിനാൽ മാതൃ സ്‌കൂളിലേ എഴുതാനാവൂ.